കുമ്മങ്കോട് സ്ഫോടനം: മൂന്നു കേസെടുത്തു; റെയ്ഡ് തുടരും

നാദാപുരം: കുമ്മങ്കോട് ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് നാദാപുരം പൊലീസ് മൂന്നു കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ബുധനാഴ്ച വാണിയൂര്‍ റോഡില്‍ സി.പി.എം പ്രവര്‍ത്തകനായ വെള്ളാരി റിലോബിനെ ബോംബെറിഞ്ഞ് ആക്രമിച്ച സംഭവത്തിലും ഞായറാഴ്ച രാത്രി കുമ്മങ്കോട് ടൗണില്‍ ചെറിയ തയ്യില്‍ ബിജുവിന്‍െറ ഓട്ടോറിക്ഷക്കുനേരെ നടന്ന ബോംബേറിലും, ആശാരികുനി ഇസ്മാഈലിന്‍െറ വീടിനുനേരെ നടന്ന ബോംബേറിലുമാണ് കേസെടുത്തത്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കുമ്മങ്കോട് ആശാരികുനി ഇസ്മാഈലിന്‍െറ വീടിനുനേരെ സ്റ്റീല്‍ ബോംബെറിഞ്ഞ സംഭവത്തില്‍ ഇസ്മാഈലിന്‍െറ പരാതിയില്‍ ഒരാളെ തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. ആയുധങ്ങള്‍ക്കും ബോംബുകള്‍ക്കുമായി ഇന്നലെയും കുമ്മങ്കോട്, വരിക്കോളി പ്രദേശത്ത് പൊലീസ് പല സമയങ്ങളില്‍ റെ യ്ഡ് നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെയാണ് തിരച്ചില്‍. വാഹന പരിശോധനയും കര്‍ശനമാക്കി. പൊലീസ് ബൈക്ക് സ്ക്വാഡ് രൂപവത്കരിച്ചും പട്രോളിങ് തുടങ്ങി. അതിനിടെ, കുമ്മങ്കോട് കേളോത്ത് ഇടവഴിയില്‍ ചൊവ്വാഴ്ച രാത്രി നടന്ന സ്ഫോടനം ബോംബേറല്ളെന്ന് പൊലീസ് വെളിപ്പെടുത്തി. പടക്കമാണ് ഉപയോഗിച്ചതെന്ന് നാദാപുരം സി.ഐ കെ.എം. ഷാജി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.