നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു

കോഴിക്കോട്: കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ വന്‍ നഗരങ്ങളോടൊപ്പമത്തെുന്നതാണ് കോഴിക്കോട്ടെ നിരക്കുവര്‍ധനയെന്ന ആശങ്ക. പിടിച്ചുപറി, മോഷണം, കൊലപാതകം തുടങ്ങി വലിയ കുറ്റകൃത്യങ്ങളില്‍ പലതിലും അന്വേഷിച്ച് തുമ്പുണ്ടാക്കുന്നതിലും സിറ്റി പൊലീസിന് വീഴ്ച പറ്റിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014ല്‍ നിന്ന് ’16ല്‍ എത്തുമ്പോള്‍ കുറ്റകൃത്യങ്ങളില്‍ കാര്യമായ കുറവുവരുത്താന്‍ സിറ്റി പൊലീസിന് കഴിഞ്ഞിട്ടില്ല എന്നതും സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ നിന്നും കോഴിക്കോടിന്‍െറ സ്ഥാനം നഷ്ടപ്പെടാന്‍ കാരണമാകുന്നു. 2015ല്‍ 56 വലിയ മോഷണങ്ങളാണ് നഗരത്തില്‍ നടന്നത്. ഇതില്‍ 31 എണ്ണത്തില്‍ മാത്രമേ മോഷ്ടാക്കളെ പിടികൂടാന്‍ പൊലീസിനായിട്ടുള്ളു. പകലും രാത്രിയുമായി വീട്ടില്‍ കയറി നടന്ന മോഷണങ്ങള്‍ 144 ആണ്. ഇതില്‍ 60 എണ്ണത്തില്‍ മാത്രമാണ് കള്ളന്മാരെ പിടിക്കാന്‍ കഴിഞ്ഞത്. 2014ല്‍ 51 വലിയ മോഷണങ്ങളാണ് ഉണ്ടായത്. അതില്‍ 30 കേസുകളില്‍ മാത്രമാണ് കുറ്റക്കാരെ പിടികൂടാന്‍ കഴിഞ്ഞത്. പകലും രാത്രിയുമായി വീടുതകര്‍ത്തു നടന്ന 158 കൊച്ചുമോഷണത്തില്‍ 70 എണ്ണത്തിലാണ് കള്ളന്മാര്‍ പിടിയിലായത്. പോക്കറ്റടി, മാലപൊട്ടിക്കല്‍ തുടങ്ങി 289 സംഭവങ്ങളാണ് പോയ വര്‍ഷം നടന്നത്. ഇതില്‍ 141 എണ്ണത്തില്‍ പ്രതികള്‍ പിടിയിലായി. 2014ല്‍ ഇത് 229 മാത്രമായിരുന്നു. 114 എണ്ണത്തില്‍ കള്ളന്മാര്‍ അറസ്റ്റിലായി. കഴിഞ്ഞ വര്‍ഷം നടന്ന എട്ടു കൊലപാതകങ്ങളിലും പ്രതികള്‍ പിടിയിലായതാണ് സിറ്റി പൊലീസിന് അഭിമാനിക്കാവുന്ന സംഭവം. പക്ഷേ, എട്ടു കൊലപാതകങ്ങള്‍ നടന്നു എന്നതു സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍നിന്ന് നഗരത്തെ അകറ്റുന്നു. 13 കൊലപാതക ശ്രമം ഉണ്ടായതില്‍ 10ലും പ്രതികള്‍ പിടിയിലായി. ചെറുകലാപങ്ങള്‍, അടിപിടിക്കേസുകള്‍ തുടങ്ങിയവയുടെ കണക്കെടുത്താല്‍ 226 എണ്ണം സിറ്റി പൊലീസ് പരിധിയില്‍ നടന്നു. ഇതില്‍ 149 എണ്ണത്തില്‍ പ്രതികള്‍ പിടിയിലായിട്ടുണ്ട്. 2014ല്‍ ഇത് 219 ആയിരുന്നു. 196 കേസില്‍ പ്രതികള്‍ പിടിയിലായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും സംസ്ഥാനത്തെ മറ്റു നഗരങ്ങളെ പിന്നിലാക്കുന്ന വിധമാണ് നഗരത്തിന്‍െറ പോക്ക്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച് 587 കേസുകളാണ് പോയ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 353 കേസുകളില്‍ മാത്രമേ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളൂ. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച് 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 52 കേസുകളില്‍ മാത്രമാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.