കോഴിക്കോട്: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കോഴിക്കോട്ടെ കേസില്‍ ഒന്നാം സാക്ഷിയും പരാതിക്കാരനുമായ അസോസിയേറ്റഡ് സ്റ്റീല്‍സ് യാര്‍ഡ് ഉടമ അബ്ദുല്‍ മജീദിന്‍െറ പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായി. പ്രതിഭാഗം ക്രോസ് വിസ്താരം ഏപ്രില്‍ ഒന്നിന് നടത്താന്‍ മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ജോജി തോമസ് തീരുമാനിച്ചു. കേസില്‍ അഭിഭാഷകനില്ലാതെ നേരിട്ട് വാദിക്കുന്ന പ്രതി ബിജു രാധാകൃഷ്ണന്‍ വിസ്താരത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. സരിതക്കുവേണ്ടി അഭിഭാഷകന്‍ എസ്. പ്രേംലാല്‍ ഹാജരായി. ഒന്നിന് സരിത ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കി. കോഴിക്കോട്ടെ സോളാര്‍ കേസ് മന്ത്രി ആര്യാടന്‍ മുഹമ്മദിനെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും പ്രതി ചേര്‍ത്ത് പുനരന്വേഷണം നടത്തണമെന്ന ബിജു രാധാകൃഷ്ണന്‍ നല്‍കിയ ഹരജി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കോഴിക്കോട് അസോസിയേറ്റഡ് സ്റ്റീല്‍സ് യാര്‍ഡ് ഉടമ അബ്ദുല്‍ മജീദിന്‍െറ 42.70 ലക്ഷം രൂപ തട്ടിയെന്നാണ് സോളാര്‍ ഇടപാട് സംബന്ധിച്ച കോഴിക്കോട്ടെ കേസ്. സോളാര്‍ പാനലുകള്‍, ലൈറ്റുകള്‍, വാട്ടര്‍ ഹീറ്റര്‍ തുടങ്ങിയവയുടെ വിതരണത്തിന് ടീം സോളാര്‍ കമ്പനിയുടെ മലബാര്‍ മേഖലാ ഫ്രാഞ്ചൈസി നല്‍കാമെന്നുപറഞ്ഞ് സരിതയും ബിജുവും അബ്ദുല്‍ മജീദില്‍നിന്ന് പണം തട്ടിയെന്നാണ് പരാതി. ബിജു രാധാകൃഷ്ണനും സരിതയും സരിതയുടെ ഡ്രൈവര്‍ മണിലാലും പ്രതിയായാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം വിവിധ വകുപ്പ് പ്രകാരം ഗൂഢാലോചന, ആള്‍മാറാട്ടം, പണം വാങ്ങി സ്വന്തം ആവശ്യത്തിന് വകമാറ്റി ചെലവഴിച്ച് കബളിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ബിജുവിനെതിരെയും സരിത എസ്. നായര്‍ക്കെതിരെയും പൊലീസ് ചുമത്തിയത്. പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്‍റ് പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജെഫ്രി ജോര്‍ജ് ജോസഫ ്ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.