സൈബര്‍ ചതിയില്‍പെടുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു

കോഴിക്കോട്: അഭ്യസ്തവിദ്യരായ സ്ത്രീകളടമുള്ളവര്‍ സൈബര്‍ രംഗത്തെ ചതികളില്‍ പെടുന്നത് വ്യാപകമാകുന്നതായി വനിതാകമീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ്. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന വനിതാകമീഷന്‍ അദാലത്തില്‍ ലഭിച്ച പരാതികളിലധികവും ഇത്തരത്തിലുള്ളവയായിരുന്നു. വിവാഹമോചനക്കേസുകളിലും മറ്റും നഷ്ടപരിഹാരം വാങ്ങി രേഖാമൂലം തീര്‍പ്പാക്കിയ കേസുകളില്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് വീണ്ടും പരാതിനല്‍കുന്ന പ്രവണത കൂടിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 48 വയസ്സുള്ള സ്ത്രീക്കൊപ്പം 10 വര്‍ഷമായി വിവാഹിതരാവാതെ താമസിക്കുന്ന യുവാവ് പണവും സ്വര്‍ണവുമായി മുങ്ങിയെന്ന പരാതി ലഭിച്ചു. നിയമപരമായി വിവാഹം ചെയ്യാതെ വഞ്ചിക്കുന്ന ഇത്തരം കേസുകളില്‍ നടപടിയെടുക്കാന്‍ കമീഷന് സാധിക്കുന്നില്ല. സ്വത്ത് തട്ടിയെടുത്തതായി കാണിച്ച് മക്കള്‍ക്കെതിരെ അമ്മമാര്‍ നല്‍കിയ നിരവധി പരാതികളും കമീഷന്‍ പരിഗണിച്ചു. മൊത്തം 72 കേസുകള്‍ പരിഗണിച്ചതില്‍ 53 എണ്ണം തീര്‍പ്പാക്കുകയും ബാക്കിയുള്ളവ തുടരന്വേഷണങ്ങള്‍ക്കും നടപടികള്‍ക്കുമായി മാറ്റിവെച്ചതായും അവര്‍ പറഞ്ഞു. അഡ്വ. ശ്രീല മേനോന്‍, അഡ്വ. ടി.ജി. മീന നായര്‍, അഡ്വ. ജലാലുദ്ദീന്‍, വടകര വനിതാ സെല്‍ സി.ഐ ഭാനുമതി, എസ്.ഐ. ഉഷ കുമാരി, കോഴിക്കോട് വനിതാ എസ്.ഐ എ.കെ. ജമീല, സിവില്‍ പൊലീസ് ഓഫിസര്‍ ഇ. ജമീല എന്നിവരും സിറ്റിങ്ങില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.