കൊടുവള്ളി മണ്ഡലം : മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിനായി നീക്കം സജീവം

കൊടുവള്ളി: കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖ് സ്ഥാനം രാജിവെച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരരംഗത്ത് സജീവമായതോടെ മണ്ഡലത്തിലെ താക്കോല്‍ സ്ഥാനമായ ജനറല്‍ സെക്രട്ടറി സ്ഥാനം ഉറപ്പിക്കാനായി അണിയറയില്‍ തിരക്കിട്ട നീക്കങ്ങള്‍ സജീവമായി. ഈ മാസം അഞ്ചിനാണ് കാരാട്ട് റസാഖ് പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചത്. തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താനായി ചേര്‍ന്ന ഭാരവാഹികളുടെ അടിയന്തര യോഗത്തില്‍ സെക്രട്ടറിമാരിലൊരാളായ പി. മുഹമ്മദിന് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജനറല്‍ സെക്രട്ടറിയുടെ അധികചുമതല നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനങ്ങള്‍ ഉറപ്പിക്കാനായി അണിയറയില്‍ തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചത്. ഇരട്ടപദവി വിഷയവുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ യോഗത്തില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച കാരാട്ട് റസാഖ് ഒരുഘട്ടത്തില്‍ സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. തുടര്‍ന്ന് ടി.കെ. മുഹമ്മദായിരുന്നു ജനറല്‍ സെക്രട്ടറിയായത്. വിഷയത്തില്‍ സംസ്ഥാന നേതൃത്വം ഇടപെടുകയും കാരാട്ടിനെതന്നെ ജനറല്‍ സെക്രട്ടറിയായി വീണ്ടും അവരോധിക്കുകയുമുണ്ടായി. കാരാട്ടിന്‍െറ രാജിയോടെയാണ് വീണ്ടും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ആരു വരണമെന്നതു സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നത്. സെക്രട്ടറിമാരിലൊരാളായ മുന്‍ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ കെ.വി. മുഹമ്മദ്, കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ എം.എ. ഗഫൂര്‍, നഗരസഭ വൈസ് ചെയര്‍മാനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ എ.പി. മജീദ് എന്നിവര്‍ക്കുവേണ്ടിയാണ് പ്രധാനമായും ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇവര്‍ക്കുപുറമെ മറ്റുചിലരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കണ്ണുംനട്ടിരി ക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍, സമവായങ്ങള്‍ തെറ്റിച്ച് ഭാരവാഹികളെ നോമിനികളായി പ്രഖ്യാപിക്കുന്നതിനോട് പ്രവര്‍ത്തകര്‍ക്കിടയില്‍ വിയോജിപ്പും ശക്തമായിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തിനായി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമായതോടെ കാരാട് റസാഖിനെ പാര്‍ട്ടിയില്‍നിന്ന് പുകച്ചുചാടിക്കാന്‍ പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതെന്നും പിന്നാമ്പുറത്തുനിന്ന് കളിക്കുന്നവരെ കരുതിയിരിക്കണമെന്നും ഒരുവിഭാഗം ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍, ഇത്തരത്തിലുള്ള ചര്‍ച്ചകളൊന്നും നടക്കുന്നില്ളെന്നും പാര്‍ട്ടിസ്ഥാനാര്‍ഥിയുടെ വിജയമാണ് ഇപ്പോള്‍ മുന്നിലുള്ളതെന്നും സംസ്ഥാന നേതൃത്വത്തില്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും മണ്ഡലം നേതൃത്വം പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.