വെള്ളം കുറഞ്ഞു; കനോലി കനാല്‍ ദുര്‍ഗന്ധമയം

കോഴിക്കോട്: വേനല്‍ രൂക്ഷമായി വെള്ളം കുറഞ്ഞതോടെ കനോലി കനാല്‍ ദുര്‍ഗന്ധമയമായി. 2014 ഏപ്രിലില്‍ 1.20 കോടി ചെലവഴിച്ച് കനാല്‍ വൃത്തിയാക്കിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഇല്ലാതിരുന്നതാണ് വീണ്ടും പഴയപടിയാക്കിയത്. മഴപെയ്യുമ്പോള്‍ ഹോട്ടലുകളില്‍നിന്നും ലോഡ്ജുകളില്‍നിന്നും മറ്റും മലമടക്കമുള്ള മാലിന്യങ്ങള്‍ ഓടകളിലേക്ക് തുറന്നുവിടുകയും ഇത് കനാലിലത്തെുകയും ചെയ്യുന്നതായി വ്യാപക ആക്ഷേപമുണ്ട്. ദുര്‍ഗന്ധത്തിനൊപ്പം കനാലിലെ വെള്ളം കറുപ്പ് നിറത്തിലുമായിട്ടുണ്ട്. ഇത് സമീപത്തെ കിണറുകളെയും ബാധിക്കുന്നുണ്ട്. 2014ല്‍ സി.ഡബ്ള്യു.ആര്‍.ഡി.എം കനാലിന് സമീപത്തെ കിണറുകളില്‍ നടത്തിയ പരിശോധനയില്‍ ഇവയിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ല എന്ന് കണ്ടത്തെിയിരുന്നു. കനാലിലേക്കുള്ള 18 മലിനജലക്കുഴലുകള്‍ അടക്കുകയും സമീപത്തെ സ്ഥാപനങ്ങളില്‍നിന്നുള്ള മലിനജലം ട്രീറ്റ്മെന്‍റിനുശേഷം മാത്രമേ പുറത്തുവിടൂ എന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്നൊക്കെയായിരുന്നു അന്നത്തെ പ്രഖ്യാപനം. പ്രവൃത്തിയുടെ തൊട്ടുടനെ കനാലിന്‍െറ ചില ഭാഗങ്ങള്‍ ഇടിഞ്ഞതോടെ ആര്‍ക്കും ഇത് തൊടാന്‍തന്നെ പേടിയായി. പുതിയ കലക്ടര്‍മാര്‍ വരുമ്പോഴെല്ലാം കനാല്‍ സന്ദര്‍ശിക്കും. വലിയ പ്രഖ്യാപനങ്ങള്‍ നടത്തും. എല്ലാം ജലരേഖയാവുന്നതാണ് നടപ്പ്. ഇത്തവണയും പുതിയ കലക്ടര്‍ വന്നപ്പോള്‍ സന്ദര്‍ശിച്ച് മടങ്ങിയിരുന്നു. പിന്നീട് ഒന്നുമുണ്ടായില്ല. കനാലിന്‍െറ കാര്യങ്ങളില്‍ ഇടപെടാന്‍ കനോലി കനാല്‍ വികസന സമിതി എന്നൊരു കൂട്ടായ്മയുണ്ട്. അതേപ്പറ്റി ഇപ്പോള്‍ ഒന്നും കേള്‍ക്കാന്‍പോലുമില്ല. മാലിന്യ നിയന്ത്രണ ബോര്‍ഡ്, കോര്‍പറേഷന്‍ എന്നിവക്കെല്ലാം കനാലിന്‍െറ കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. എന്നാല്‍, സ്ഥാപനങ്ങളില്‍നിന്ന് പണം നേടാനുള്ള വഴിയാണ് പല വകുപ്പുകള്‍ക്കും ഈ കനാല്‍. നഗരത്തിലെ പുതിയ അഴുക്കുചാലുകളും മെഡിക്കല്‍ കോളജിലെയും കെ.എസ്.യു.ഡി.പിയുടെയും സ്വീവേജ് ട്രീറ്റ്മെന്‍റുകളും സജ്ജമാകുന്നതോടെ കനാലില്‍ മാലിന്യം മാത്രമേ ഉണ്ടാവൂ എന്നതാണ് അവസ്ഥ. 2014ല്‍ തുക അനുവദിച്ചത് കല്ലായി അഴിമുഖം മുതല്‍ കുണ്ടൂപറമ്പ് വരെയുള്ള ഭാഗങ്ങളിലെ നവീകരണത്തിനായിരുന്നെങ്കിലും കല്ലായിപ്പുഴ അഴിമുഖത്ത് പ്രവൃത്തി നടത്താത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടെ അഴിമുഖത്തുനിന്ന് കടല്‍വെള്ളം കനാലില്‍ കയറിയിറങ്ങുന്നത് നിലച്ച് വെള്ളം കെട്ടിനില്‍ക്കുകയാണ്. ഇതോടൊപ്പം രൂക്ഷമായ മാലിന്യനിക്ഷേപംകൂടിയായതോടെ കനോലിസായിപ്പിന്‍െറ സ്മാരകത്തിന്‍െറ സ്ഥിതി പറയാനുമില്ലാതായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.