താമരശ്ശേരി: ദേശീയപാത 212ല്‍ ലക്കിടി മുതല്‍ നെല്ലാങ്കണ്ടിവരെ നടത്തിയ റീടാറിങ്ങില്‍ ഗുരുതര ക്രമക്കേട്. താമരശ്ശേരി ചുരം ഉള്‍പ്പെടെ നെല്ലാങ്കണ്ടി വരെയുള്ള 30 കിലോമീറ്റര്‍ റോഡ് 11 കോടി രൂപ ചെലവിലാണ് റീടാറിങ് നടത്തിയത്. കഴിഞ്ഞതവണ ബി.എം ആന്‍ഡ് ബി.സി സിസ്റ്റത്തിലാണ് ടാറിങ് നടത്തിയത്. അഞ്ച് സെന്‍റിമീറ്റര്‍ ഘനത്തില്‍ ബി.എം, മൂന്ന് സെന്‍റിമീറ്റര്‍ ഘനത്തില്‍ ബി.സി എനിങ്ങനെ രണ്ട് ലയറിലായിരുന്നു ടാറിങ് . ഇത്തവണ ബി.സി ലയറിലായിരുന്നു റീടാറിങ്. പണി പൂര്‍ത്തിയാകുമ്പോള്‍ റോഡില്‍ മൂന്ന് സെന്‍റിമീറ്റര്‍ ഘനത്തിലാണ് റീടാറിങ് ഉണ്ടാവേണ്ടത്. പണി പൂര്‍ത്തീകരിച്ച മിക്ക ഭാഗങ്ങളിലും ഈ മാനദണ്ഡം പാലിക്കപ്പെട്ടിട്ടില്ല. 12 എം.എമ്മിന്‍െറയും ആറ് എം.എമ്മിന്‍െറയും മിക്സറിനോടൊപ്പം പൊടിചേര്‍ത്ത് 160 മുതല്‍ 200 വരെ സെന്‍റിഗ്രേഡില്‍ ചൂടാക്കി 90 മുതല്‍ 120 സെന്‍റിഗ്രേഡുവരെ ചൂടില്‍ ഈ മിശ്രിതം റോഡില്‍ നിരത്തുകയാണ് ചെയ്യേണ്ടത്. പണി തീരുമ്പോള്‍ മൂന്നു സെന്‍റിമീറ്റര്‍ ഘനം നിലനില്‍ക്കാന്‍ നാലു മുതല്‍ നാലരവരെ സെന്‍റിമീറ്റര്‍ ഘനത്തില്‍ മിക്സര്‍ റോഡില്‍ നിരത്തണം. ഇങ്ങനെ നിരത്തിയ മിക്സചറിനു മുകളിലൂടെ വൈബ്രേറ്റര്‍ റോളര്‍ കടന്നുപോകുമ്പോള്‍ കുറ്റമറ്റരീതിയില്‍ മൂന്ന് സെന്‍റിമീറ്റര്‍ ഘനത്തില്‍ റോഡ് സജ്ജമാകും. റോഡില്‍ നിരത്തിയ മിക്സചറിന്‍െറ അളവില്‍ കുറവുവരുത്തിയതാണ് റോഡ് ഒരേനിരപ്പിലല്ലാതിരിക്കാന്‍ വഴിയൊരുക്കിയതെന്നാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. റോഡിലെ ഭൂരിഭാഗം സ്ഥലങ്ങളും ഉയര്‍ന്നും താഴ്ന്നും കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് കുലുക്കം അനുഭവപ്പെടുന്നു. മാത്രമല്ല, പല വളവുകളിലും റോഡിന്‍െറ ഉയര്‍ച്ചതാഴ്ചമൂലം വാഹനങ്ങള്‍ നിയന്ത്രണം വിടുന്ന സാഹചര്യവുമുണ്ട്. 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ ഒരു സെന്‍റിമീറ്റര്‍ ഘനത്തില്‍ മിക്സ്ചറിന്‍െറ അളവ് കുറച്ചാല്‍ കിട്ടുന്ന ലാഭം രണ്ടു കോടിയാണത്രെ. റീടാറിങ്ങിലെ ക്രമക്കേട് പല ഭാഗങ്ങളിലും ഉയര്‍ച്ചതാഴ്ചകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോടുനിന്ന് വരുന്ന വാഹനം റീടാറിങ് പൂര്‍ത്തീകരിച്ച നെല്ലാങ്കണ്ടി മുതല്‍ യാത്ര ചെയ്യുമ്പോള്‍ റീടാറിങ്ങിലെ ക്രമക്കേട് വ്യക്തമാകും. പലയിടങ്ങളിലും വാഹനം കുഴിയില്‍ വീഴുന്ന തരത്തില്‍ എടുത്തടിക്കുന്ന അവസ്ഥയാണ്. വെസ്റ്റ് കൈതപ്പൊയിലില്‍ ഹമ്പിന് സമാനമായ ഉയര്‍ച്ച വാഹനങ്ങള്‍ക്ക് ഭീഷണിയായിരിക്കുകയാണ്. റീടാറിങ്ങിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ദേശീയപാത പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ചീഫ് എന്‍ജിനീയര്‍, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് നാട്ടുകാര്‍ നിരവധി പരാതികളാണ് അയച്ചിരിക്കുന്നത്. കൂടാതെ നാഷനല്‍ ഹൈവേ ടോള്‍ഫ്രീ നമ്പറായ 18004257771ലേക്ക് നാട്ടുകാരുടെ പരാതിപ്രവാഹമാണ്. ദേശീയപാത പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ മേല്‍നോട്ടത്തില്‍ കൊടുവള്ളി സബ്ഡിവിഷനിലെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, എ.ഇ, ഓവര്‍സിയര്‍ എന്നിവര്‍ നേരിട്ട് മേല്‍നോട്ടം വഹിച്ച് നടത്തിയ പ്രവൃത്തിയിലാണ് ഗുരുതര ക്രമക്കേട്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയുടെ സുരക്ഷക്കുതന്നെ ഭീഷണിയാകുംവിധമാണ് പ്രവൃത്തി. റോഡ് നവീകരണം ആരംഭിച്ചപ്പോള്‍ത്തന്നെ നാട്ടുകാര്‍ ടാറിങ്ങിലെ അപാകത അധികൃതരുടെയും കരാറുകാരന്‍െറയും ശ്രദ്ധയില്‍പെടുത്തിയിരുന്നു. അടുത്ത ലെയര്‍ ടാറിങ് ഉടന്‍ നടക്കുമെന്നും അപ്പോള്‍ റോഡ് ലെവലാകുമെന്നുമായിരുന്നു മറുപടിയത്രെ. എന്നാല്‍, കഴിഞ്ഞദിവസമാണ് രണ്ടാംഘട്ട ടാറിങ് ഇല്ളെന്ന വിവരം നാട്ടുകാര്‍ അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.