ലീഗിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ തിരക്കിട്ട ശ്രമം

കൊടുവള്ളി: മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖ് സ്ഥാനങ്ങള്‍ രാജിവെച്ച് സ്വതന്ത്രനായി ലീഗ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ലീഗ് തിരക്കിട്ട ശ്രമത്തില്‍. ബുധനാഴ്ച വൈകീട്ട് കാരാട്ട് റസാഖിനോട് അനുഭാവമുള്ളവരുടെ യോഗം ചേരാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് അണികളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിന്‍െറ മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട് ലീഗ് നഗരസഭാ കണ്‍വെന്‍ഷന്‍ കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. നഗരസഭാ പരിധിയിലെ ബൂത്ത്, ഡിവിഷന്‍ കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തതായി പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു.കാരാട്ട് റസാഖിനൊപ്പം നില്‍ക്കുന്നവര്‍ ആരെല്ലാമാണെന്ന് ഇതുവരെ ലീഗ് നേതൃത്വത്തിന് ഒരറിവും ലഭിച്ചിട്ടില്ല. പാര്‍ട്ടി വിട്ട് തന്നോടൊപ്പം പരസ്യമായി ആരും വരേണ്ടതില്ളെന്നും വോട്ടുചെയ്ത് സഹായിച്ചാല്‍ മതിയെന്നുമാണ് കാരാട്ട് റസാഖ് പറയുന്നത്. ജില്ലാ-സംസ്ഥാന നേതൃത്വത്തിന്‍െറ നിലപാടിനോട് വിയോജിപ്പുള്ള ലീഗ് പ്രവര്‍ത്തകരുടെ അഭ്യര്‍ഥന മാനിച്ചാണ് തന്‍െറ സ്ഥാനാര്‍ഥിത്വമെന്നും കാരാട്ട് പറയുന്നു.മുസ്ലിം ലീഗില്‍ കാരാട്ട് റസാഖ് പക്ഷക്കാര്‍ ആറു പഞ്ചായത്തുകളിലും നഗരസഭയിലുമുണ്ടെന്നിരിക്കെ ഇവയൊക്കെ വോട്ടായി മാറുമോ എന്ന ഭയവും ലീഗ് നേതൃത്വത്തെ അസ്വസ്ഥരാക്കുന്നു. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി എം.എ. റസാഖും കാരാട്ട് റസാഖും തിങ്കളാഴ്ചയും പ്രചാരണപരിപാടികളില്‍ സജീവമായി. സോഷ്യല്‍ മീഡിയകള്‍ വഴിയാണ് പ്രചാരണം കൊഴുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.