തിരുവമ്പാടിയില്‍ ഭൂമി ന്യായവില കുറച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവമ്പാടി: തിരുവമ്പാടി വില്ളേജിലെ ഭൂമി ന്യായവിലയിലെ വര്‍ധന കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മാര്‍ച്ച് മൂന്നിനാണ് ഭൂമി ന്യായവില 50 ശതമാനം കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2010ല്‍ ന്യായവില പുനര്‍നിര്‍ണയിച്ചപ്പോഴാണ് തിരുവമ്പാടി വില്ളേജില്‍ ഭൂമി വിലയില്‍ വന്‍ വര്‍ധനയുണ്ടായത്. 2014 നവംബറില്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് ന്യായവില കുറച്ചപ്പോഴും തിരുവമ്പാടിയില്‍ 50 ശതമാനം വര്‍ധനയുണ്ടായി. ന്യായവിലയിലെ അമിത വര്‍ധനക്കെതിരെ വ്യാപക പരാതികളുയര്‍ന്നിരുന്നു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ ഏഴു വാര്‍ഡുകളിലാണ് ഭൂമി വിലയില്‍ വന്‍ വര്‍ധനയുണ്ടായിരുന്നത്. ന്യായവില വര്‍ധനക്കെതിരെ ഫാ. അബ്രഹാം വള്ളോപ്പിള്ളി, എ.കെ. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള കര്‍മസമിതി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഈ പ്രശ്നത്തില്‍ തിരുവമ്പാടി സൗപര്‍ണിക ക്ളബ് ഭാരവാഹികളായ ജോമോന്‍ ലൂക്കോസ്, സാലസ് മാത്യു എന്നിവര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പ്രശ്നം പരിഹരിച്ച് തീരുമാനം അറിയിക്കണമെന്ന് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിന് മാര്‍ച്ച് 10 വരെ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ, പൊതുപ്രവര്‍ത്തകനായ ബോസ് ജേക്കബ് ന്യായവില കുറക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി നല്‍കി. ഈ ഹരജിയില്‍ ഇദ്ദേഹത്തിന്‍െറ ഭൂമിക്കു മാത്രം ന്യായവില കുറച്ച് കോടതി ഉത്തരവായി. ഇതേതുടര്‍ന്ന് ബോസ് ജേക്കബ്, സി. മോയിന്‍ കുട്ടി എം.എല്‍.എ മുഖേന മുഖ്യമന്ത്രിക്കും രജിസ്ട്രേഷന്‍ മന്ത്രിക്കും നിവേദനം നല്‍കി. ഹൈകോടതി വിധിയും ജനകീയ നിവേദനങ്ങളും പരിഗണിച്ചാണ് തിരുവമ്പാടി വില്ളേജിലെ ഭൂമി ന്യായവില കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.