ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രം: ചിത്രപ്രദര്‍ശനത്തിന് തുടക്കം

കോഴിക്കോട്: ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് കിരീടം ഏറ്റുവാങ്ങുന്ന കപില്‍ദേവ്, 28 വര്‍ഷത്തിനുശേഷം രണ്ടാമത്തെ ലോകകപ്പ് കിരീടം സ്വീകരിക്കുന്ന ധോണിയും കൂട്ടരും, പിന്നെ ആദ്യ ട്വന്‍റി20 കിരീടം വാങ്ങുന്ന ടീം ഇന്ത്യ, ആറു ബാളില്‍ ആറു സിക്സുകളടിച്ച യുവരാജ് സിങ്ങും രവിശാസ്ത്രിയും, അവസാന ഇന്നിങ്സില്‍ പുറത്തായ സുനില്‍ ഗവാസ്കറുടെ നിരാശ... തുടങ്ങി ഗാലറികളില്‍ ആരവങ്ങളുടെ മുഴക്കം സൃഷ്ടിച്ച ഒട്ടേറ മുഹൂര്‍ത്തങ്ങളോടൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിന്‍െറ ചരിത്രത്തിലൂടെയുള്ള യാത്രയാണ് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന എം.സി. വസിഷ്ഠിന്‍െറ ഫോട്ടോ പ്രദര്‍ശനം. ഇന്ത്യന്‍ ക്രിക്കറ്റിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ സി.കെ. നായിഡു, ആദ്യത്തെ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് നിസാര്‍, ഇന്ത്യയിലെ ആദ്യത്തെ ഓള്‍റൗണ്ടര്‍ വിനു മങ്കാദ് തുടങ്ങി സചിനും സെവാഗും ഗാംഗുലിയും ധോണിയിലുമത്തെി നില്‍ക്കുന്ന ഇന്ത്യന്‍ താരങ്ങള്‍, അനില്‍ കുംബ്ളെയുടെ 600ാം വിക്കറ്റിന്‍െറ സുവര്‍ണ നിമിഷം, വീരേന്ദ്ര സെവാഗിന്‍െറ ട്രിപ്ള്‍ സെഞ്ച്വറി തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ട്. ക്രിക്കറ്റിലെ ദൈവമെന്ന് വിളിക്കപ്പെടുന്ന സചില്‍ ടെണ്ടുല്‍കറുടെ ജീവിതത്തിലെ ഓരോ നാഴികക്കല്ലും പ്രദര്‍ശനത്തിന്‍െറ പ്രധാന ഘടകമാണ്. സചിന്‍െറ 100ാം സെഞ്ചുറിയും വികാരനിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗവുമെല്ലാം പ്രദര്‍ശനത്തിലുണ്ട്. അധികമാരും അറിയപ്പെടാതെപോകുന്ന വനിതാ ക്രിക്കറ്റിലാണ് പ്രദര്‍ശനം അവസാനിക്കുന്നത്. മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ ചരിത്രവിഭാഗം തലവന്‍ കൂടിയാണ് എം.സി. വസിഷ്ഠ്. ഗവാസ്കറിനു മുമ്പുള്ള പ്രതിഭകളെ പുതുതലമുറക്ക് പലര്‍ക്കും പരിചയമുണ്ടാകില്ല. അവരെ പരിചയപ്പെടുത്തുകയെന്നതും പ്രദര്‍ശനത്തിന്‍െറ ലക്ഷ്യമാണ് -വസിഷ്ഠ് പറഞ്ഞു. ഫുട്ബാള്‍, ഒളിമ്പിക്സ് എന്നിവയുടെയും ഇതുവരെയുള്ള ചരിത്രം ഇദ്ദേഹത്തിന്‍െറ കൈയിലുണ്ട്. പ്രദര്‍ശനം ക്രൗണ്‍ തിയറ്റര്‍ എം.ഡി എ.ആര്‍. വിനോദ് ഉദ്ഘാടനം ചെയ്തു. സുധാകരന്‍ എടക്കണ്ടി, പ്രഫ. ബിന്ദു അമദ്, പ്രഫ. തനൂജ പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു. ചൊവ്വാഴ്ച പ്രദര്‍ശനം അവസാനിക്കും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.