തിരുവമ്പാടിയില്‍ ലീഗ് വിട്ടുവീഴ്ചക്കില്ല

കോഴിക്കോട്: തിരുവമ്പാടി നിയോജകമണ്ഡലം കോണ്‍ഗ്രസിന് വിട്ടുകൊടുക്കേണ്ടെന്ന് മുസ്ലിം ലീഗ് നേതൃത്വം. ക്രിസ്ത്യന്‍ സംഘടനകളുടെ സമ്മര്‍ദത്തിന് വഴങ്ങി പാണക്കാട് ഹൈദരലി തങ്ങള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞ മണ്ഡലം ഒരു കാരണവശാലും വിട്ടുകൊടുക്കേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. ലീഗ് മത്സരിക്കുന്ന കുന്ദമംഗലം, കുറ്റ്യാടി മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് വിട്ടുകൊടുത്തേക്കും. പകരം കോണ്‍ഗ്രസിന്‍െറ ബാലുശ്ശേരി, നാദാപുരം മണ്ഡലങ്ങള്‍ ലീഗ് ഏറ്റെടുത്തേക്കും. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ ലീഗ് നേതാക്കള്‍ നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം. തിരുവമ്പാടി കോണ്‍ഗ്രസിന് വിട്ടുനല്‍കണമെന്ന ക്രിസ്ത്യന്‍ സംഘടനകളുടെ ആവശ്യമാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിക്കുന്നത്. കോണ്‍ഗ്രസിനുവേണ്ടി താമരശ്ശേരി രൂപത മണ്ഡലം ചോദിക്കുന്നതിന്‍െറ യുക്തി മനസ്സിലാവുന്നില്ളെന്ന് സംസ്ഥാന ലീഗ് നേതാവ് പറഞ്ഞു. ക്രിസ്ത്യന്‍ സമുദായത്തില്‍നിന്നുള്ള ആളാണ് മത്സരിക്കേണ്ടതെങ്കില്‍ അക്കാര്യം തുറന്നുപറയണം. ജനസംഖ്യാടിസ്ഥാനത്തില്‍ ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും പിന്നിലാണ് മണ്ഡലത്തില്‍ ക്രിസ്ത്യാനികള്‍. വെറും 228 ക്രിസ്ത്യന്‍ വോട്ടര്‍മാരുള്ള തിരൂരങ്ങാടി മണ്ഡലത്തില്‍ എ.കെ. ആന്‍റണിയെ ജയിപ്പിച്ച പാരമ്പര്യമാണ് ലീഗിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസുമായി വെച്ചുമാറുന്ന കുന്ദമംഗലം സീറ്റില്‍ ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ടി. സിദ്ദീഖ് എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. അഡ്വ. പി.ടി.എ. റഹീം തന്നെയാവും ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ശക്തമായ മത്സരം കാഴ്ചവെക്കാന്‍ ഡി.സി.സി പ്രസിഡന്‍റിനെ രംഗത്തിറക്കുക വഴി കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. ബാലുശ്ശേരിയില്‍ യു.സി. രാമനെ മത്സരിപ്പിക്കാനാണ് ലീഗ് ആലോചന. ജില്ലയിലെ 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്, ലീഗ് അഞ്ചു വീതവും ജെ.ഡി.യു രണ്ട്, കേരള കോണ്‍ഗ്രസ് ഒന്ന് എന്നിങ്ങനെയുമാണ് യു.ഡി.എഫ് സീറ്റ് വിഭജനം. ഇതില്‍ തിരുവമ്പാടി, കുന്ദമംഗലം, കുറ്റ്യാടി മണ്ഡലങ്ങള്‍ വെച്ചുമാറണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. തിരുവമ്പാടി ഒഴികെയുള്ളത് വിട്ടുനല്‍കാന്‍ ലീഗും സന്നദ്ധമാവുകയാണ്. അന്തിമ തീരുമാനം തിങ്കളാഴ്ചയിലെ യോഗത്തിലുണ്ടാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.