കോഴിക്കോട്: തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ പരിഗണനയിലുള്ള കേസില്‍ കക്ഷിചേരാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നായശല്യം കാരണം നഗരവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തി അനുകൂല വിധി സമ്പാദിക്കണമെന്ന ഭരണ-പ്രതിപക്ഷ കൗണ്‍സിലംഗങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ഉചിതമായ നിയമോപദേശം ഇക്കാര്യത്തില്‍ തേടും. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതു സംബന്ധിച്ച് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ഇതും അനുബന്ധ കേസുകളും തീര്‍പ്പാക്കുന്നതിനു മുമ്പുള്ള ഇടക്കാല ഉത്തരവ് കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി പരിഗണനക്ക് വന്നതിനെ തുടര്‍ന്നാണ് നടപടി. നായകളെ വന്ധ്യംകരിച്ചുകൊണ്ടുള്ള എ.ബി.സി പദ്ധതിയിലൂടെ മാത്രമേ തെരുവുനായ ശല്യം തടയാനാവുകയുള്ളൂവെന്ന സ്ഥിതിയാണെന്ന് ലീഗ് നേതാവ് സി. അബ്ദുറഹ്മാന്‍ പറഞ്ഞു. നഗരത്തില്‍ കോതിയില്‍ മാത്രം അഞ്ചുപേരെയാണ് തെരുവുനായ്ക്കള്‍ കടിച്ചുകീറിയത്. നടന്നുപോകുന്ന സാധാരണക്കാര്‍ക്കാണ് കടിയേറ്റത്. ഇക്കാര്യങ്ങളൊക്കെ കോടതിയുടെ ശ്രദ്ധയില്‍പെടുത്തണം. നായ കടിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ നടപടിവേണമെന്നും അബ്ദുറഹിമാന്‍ പറഞ്ഞു. കാര്യങ്ങള്‍ വ്യക്തമാക്കി കോടതിയില്‍ സത്യവാങ്മൂലം നല്‍കണമെന്ന് എം.സി. അനില്‍ കുമാര്‍ ആവശ്യപ്പെട്ടു. എ.ബി.സി സെന്‍റര്‍ പൂളക്കടവില്‍ യാഥാര്‍ഥ്യമായാല്‍ മാത്രമേ നായപ്രശ്നത്തിന് ഇന്നത്തെയവസ്ഥയില്‍ ശാശ്വത പരിഹാരം കാണാനാവുകയുള്ളൂവെന്ന് സ്ഥിരംസമിതി ചെയര്‍മാന്‍ പി.സി. രാജന്‍ പറഞ്ഞു. മൃഗങ്ങള്‍ക്കുള്ള സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയും അതോടനുബന്ധിച്ച് വന്ധ്യംകരണ കേന്ദ്രവുമാണ് സ്ഥാപിക്കുക. ഇതിന് ടെന്‍ഡര്‍ നടപടിയായിട്ടുണ്ട്. ചട്ടങ്ങള്‍ അനുശാസിക്കുംവിധം നായകളെ ശുശ്രൂഷിക്കാന്‍ ഓരോ വാര്‍ഡിലും ഒരു മൃഗഡോക്ടറെങ്കിലും വേണം. എ.ബി.സി പദ്ധതി ആദ്യമായി നടപ്പാക്കിയ കോര്‍പറേഷന്‍ കോഴിക്കോടാണെന്ന് ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.വി. ബാബുരാജ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പോലും കേസില്‍ കക്ഷിചേരാന്‍ നടപടിയെടുത്തിട്ടില്ല. കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കേസില്‍ കക്ഷിചേരുകതന്നെ വേണമെന്ന് അഡ്വ. പി.എം. നിയാസും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതിനാല്‍ പല തീരുമാനങ്ങളും മാറ്റിവെക്കേണ്ടിവരുമെന്ന മേയര്‍ വി.കെ.സി. മമ്മദ്കോയയുടെ മുഖവുരയോടെയാണ് കൗണ്‍സില്‍ യോഗം തുടങ്ങിയത്. ഇതുകാരണം മഴക്കാലത്തിനു മുമ്പ് തീര്‍ക്കേണ്ട പദ്ധതികള്‍ പോലും അവതാളത്തിലാകും. എന്നാല്‍, തീരുമാനങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതിക്ക് വിധേയമായി എന്ന രീതിയില്‍ അംഗീകരിക്കാമെന്ന് പ്രതിപക്ഷാംഗങ്ങളായ അഡ്വ. തോമസ് മാത്യു, പൊറ്റങ്ങാടി കിഷന്‍ ചന്ദ്, പി.എം. നിയാസ് എന്നിവര്‍ അറിയിക്കുകയായിരുന്നു. ആനക്കുളം സാംസ്കാരിക നിലയം പണിത്തിന് കൂടുതല്‍ തുക ആവശ്യപ്പെട്ട് കരാറുകാരന്‍ ഓംബുഡ്സ്മാന് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് മേയര്‍ കരാറുകാരനുമായി ചര്‍ച്ച നടത്താനും തീരുമാനമായി. എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, നമ്പിടി നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.