ഓപറേഷന്‍ സവാരി ഗിരിഗിരി തുടങ്ങി

കോഴിക്കോട്: ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാന്യവും സുഖകരവുമായ ബസ്യാത്ര ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കിയ ഓപറേഷന്‍ സവാരി ഗിരിഗിരി പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വഹിച്ചു. കുട്ടികളെ കണ്ടാല്‍ നിര്‍ത്താതെപോകുന്ന ബസിന്‍െറ പിറകേ ഓടേണ്ടിവരുന്ന ഗതികേട് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് ഇനിയുണ്ടാകില്ളെന്ന് അദ്ദേഹം പറഞ്ഞു. ബസുകള്‍ കുട്ടികളെ വീതംവെക്കുന്ന നിലവിലെ അവസ്ഥ മാറി കണ്‍സഷന്‍ നല്‍കുന്നത് മൂലമുണ്ടാകുന്ന വരുമാനത്തിലെ കുറവ് ബസുകള്‍ക്കിടയില്‍ വീതംവെക്കുന്ന രീതിയാണ് ഓപറേഷന്‍ സവാരി ഗിരിഗിരിയിലൂടെ നടപ്പാക്കുക.ഓരോ വിദ്യാര്‍ഥിക്കും കണ്‍സഷന്‍ നല്‍കുന്നതു കാരണം മിനിമം ചാര്‍ജിലുണ്ടാകുന്ന ആറു രൂപ നഷ്ടവും ഉയര്‍ന്ന നിരക്കിലുണ്ടാകുന്ന അധികനഷ്ടമുള്‍പ്പെടെയുള്ളവ റൂട്ടിലെ ബസുകള്‍ക്കിടയില്‍ തുല്യമായി വീതംവെക്കുന്നതിനാല്‍ കൂടുതല്‍ കുട്ടികളെ കയറ്റിയവര്‍ക്ക് കൂടുതല്‍ നഷ്ടമുണ്ടാകുന്ന അവസ്ഥക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 30 ലക്ഷം രൂപ ചെലവില്‍ ഫെഡറല്‍ ബാങ്ക് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലഭ്യമാക്കിയ പ്രീപെയ്ഡ് സ്മാര്‍ട്ട് കാര്‍ഡ് വഴിയാണ് കണ്‍സഷന്‍ തുക ഈടാക്കുക. കച്ചവടതാല്‍പര്യങ്ങള്‍ക്കപ്പുറം സമൂഹനന്മ ലക്ഷ്യമിടുന്ന സംഘടനകളും സ്ഥാപനങ്ങളുമാണ് ഇത്തരം പദ്ധതികള്‍ വിജയിപ്പിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ക്ക് വീല്‍സ് കാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കെ കലക്ടര്‍ പറഞ്ഞു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ 200 സ്കൂളുകളിലെ കുട്ടികള്‍ ഇതിനകം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു. 250 ബസുകള്‍ രജിസ്ട്രേഷനും അനുബന്ധ നടപടികളും പൂര്‍ത്തിയാക്കി. ബാക്കിയുള്ളവകൂടി ഉടന്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പദ്ധതിയുടെ ഭാഗമാകണം.പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ബസുകള്‍ക്ക് ഈ ആനുകൂല്യം നഷ്ടമാകും. 3000 കുട്ടികള്‍ക്കാണ് ഒന്നാംഘട്ടത്തില്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. കണ്ടക്ടര്‍മാര്‍ക്കുള്ള വീല്‍സ് കാര്‍ഡ് ടിക്കറ്റിങ് മെഷീന്‍ വിതരണോദ്ഘാടനം സിറ്റി പൊലീസ് കമീഷണര്‍ ഉമ ബെഹ്റ നിര്‍വഹിച്ചു. മാനാഞ്ചിറ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പദ്ധതിക്കാവശ്യമായ സാങ്കേതികസഹായം നല്‍കിയ ടെക്നോവിയ ഇന്‍ഫോ സൊല്യൂഷന്‍സ് സി.ഇ.ഒ നിഷാന്ത് രവീന്ദ്രന്‍, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി.എ. വര്‍ഗീസ്, പ്രസ് ക്ളബ് പ്രസിഡന്‍റ് കമാല്‍ വരദൂര്‍, ആര്‍.ടി.ഒ കെ. പ്രേമാനന്ദന്‍, കേരള ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സുനില്‍കുമാര്‍, ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫോറം സെക്രട്ടറി പി.ടി.സി. ഗഫൂര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രഭാകരവര്‍മ, ജില്ലാ ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.