അയല്‍സഭ പരിസരം ശുചീകരിച്ചപ്പോള്‍ ഖാദി കെട്ടിടം വെളിച്ചംകണ്ടു

കക്കോടി: അയല്‍സഭ ശുചീകരണത്തിനിറങ്ങിയപ്പോള്‍ ഖാദി ‘വെളിച്ചത്തായി’. വര്‍ഷങ്ങളായി കാടുമൂടിക്കിടക്കുന്ന കക്കോടി ഖാദി കെട്ടിടമാണ് എരക്കുളം അയല്‍സഭയുടെ നേതൃത്വത്തില്‍ ശുചീകരിച്ചപ്പോള്‍ പുറംലോകം കണ്ടത്. കോഴിക്കോട്- ബാലുശ്ശേരി പാതയിലെ കക്കോടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം ഇടിഞ്ഞുപൊളിഞ്ഞ് കല്‍ത്തൂണുകളും പാതിശേഷിക്കുന്ന ചുവരുകളോടും കൂടിയ ഖാദി കെട്ടിടം, അധികൃതരുടെ അനാസ്ഥമൂലം നശിക്കുകയാണ്. ഖാദി ബോര്‍ഡിനു കീഴിലാണത്രെ ഇപ്പോഴും ഇത്. ഈ ഭാഗത്തെ പൊന്തക്കാടിനുള്ളില്‍ കെട്ടിടമുള്ളത് ആരുടെയും ശ്രദ്ധയില്‍ പെടില്ലായിരുന്നു. തന്മുമൂലം മദ്യ-മയക്കുമരുന്ന് മാഫിയകളുടെ താവളവുമായി ഇപ്രദേശം. പരിസരവാസികള്‍ക്ക് ഏറെ പ്രയാസമനുഭവപ്പെട്ടു തുടങ്ങിയതോടെ പലരും കാട് വെട്ടിത്തെളിയിക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ ഉപേക്ഷിച്ച പദ്ധതി വാര്‍ഡ് മെംബറും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ എം. രാജേന്ദ്രന്‍െറ നേതൃത്വത്തില്‍ അയല്‍സഭ ഏറ്റെടുത്ത് നടത്തുകയായിരുന്നു. കക്കോടിയുടെ ഹൃദയഭാഗത്തുള്ള ഈ കെട്ടിടത്തിന്‍െറ ലക്ഷക്കണക്കിന് രൂപ വിലവരുന്ന മരങ്ങളും മറ്റുഭാഗങ്ങളും വര്‍ഷങ്ങള്‍ക്കുമുമ്പേ നഷ്ടപ്പെട്ടിരുന്നു. നിരവധി പേരുടെ കുടുംബത്തിന്‍െറ ആശ്രയമായിരുന്ന ഖാദി പുനര്‍നിര്‍മിക്കാനോ പുതിയ പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്താനോ ശ്രമിക്കാതെ നശിപ്പിക്കുന്നതില്‍ നാട്ടുകാര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. കിണറുള്‍പ്പെടെ വിശാലമായ സൗകര്യത്തോടെയുള്ള ഖാദി നിര്‍മാണ യൂനിറ്റിന്‍െറ സ്ഥലം പ്രയോജനപ്പെടുത്തുന്നില്ളെന്നാണ് ജനങ്ങളുടെ പരാതി. ശുചീകരണത്തിന് നൂറോളംപേര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. രാജേന്ദ്രന്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ബ്ളോക് പഞ്ചായത്ത് അംഗം പി. ശോഭീന്ദ്രന്‍, വാര്‍ഡ് അംഗം ഹരിദാസന്‍, അയല്‍സഭ വാര്‍ഡ് കണ്‍വീനര്‍ മനോജ് ചീക്കപ്പറ്റ, എരക്കുളം അയല്‍സഭ കണ്‍വീനര്‍ അജയന്‍ പൂരങ്ങോട്ട്, ചെയര്‍പേഴ്സന്‍ മിനിഭായ്, എം. രാമദാസ്, പി.ടി. അനൂപ്, രവിമഞ്ചേരില്‍, നാസര്‍പുന്നോളി, രാജീവന്‍ എമ്മന്‍കണ്ടി, രാജേഷ് പാടത്തുംപൊയില്‍, പി.എം. ധര്‍മരാജ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.