സൗകര്യങ്ങളില്ലാതെ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചാല്‍ നടപടി

കോഴിക്കോട്: വീടുകളിലും ലോഡ്ജുകളിലും മറ്റുമായി വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അനധികൃതമായി താമസിക്കുന്ന സംഭവങ്ങളില്‍ കെട്ടിടമുടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ വികസനസമിതി യോഗം നിര്‍ദേശം നല്‍കി. ആവശ്യത്തിന് ശുചിമുറികളോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത ഇവിടങ്ങളില്‍നിന്നുള്ള മനുഷ്യവിസര്‍ജ്യമടക്കമുള്ള മാലിന്യം ചുറ്റുപാടുമുള്ളവരില്‍ രോഗം പരത്തുന്നതായി ശ്രദ്ധയില്‍പെട്ടതിന്‍െറ അടിസ്ഥാനത്തിലാണിത്. കെട്ടിടങ്ങളിലെ സൗകര്യങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലധികം തൊഴിലാളികളെ താമസിപ്പിക്കുന്നവര്‍ക്കെതിരെയാണ് പഞ്ചായത്തീരാജ് ആക്ട് പ്രകാരം നടപടിയെടുക്കുക. ഇക്കാര്യം പരിശോധിക്കുന്നതിന് രാത്രിസമയങ്ങളിലുള്‍പ്പെടെ ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപന അധികൃതരുടെയും നേതൃത്വത്തില്‍ ഇത്തരം താമസകേന്ദ്രങ്ങളില്‍ പരിശോധന നടത്താനും യോഗം തീരുമാനിച്ചു. ഇതിനുപുറമെ ശുചിത്വ-രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇവരെക്കൂടി ഉള്‍പ്പെടുത്തുന്നതിന് കോര്‍പറേഷനിലും മുനിസിപ്പാലിറ്റികളിലുമുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് കൈമാറാനും യോഗം സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഇവിടങ്ങളില്‍ ഇതര സംസ്ഥാനക്കാര്‍ക്ക് മനസ്സിലാവുന്ന ഭാഷകളില്‍ ശുചിത്വനിര്‍ദേശങ്ങളടങ്ങിയ പോസ്റ്ററുകളും മറ്റും പതിക്കണം. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അധ്യക്ഷതവഹിച്ചു. ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍ വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ കൊതുക് നിവാരണം ശക്തിപ്പെടുത്തുകയും പരിസരശുചിത്വത്തിന്‍െറ കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യണമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. കടലാക്രമണം, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനായി മറ്റു വകുപ്പുകളുടെ പദ്ധതികളെ ആശ്രയിക്കുന്നത് അടിയന്തരമായി കൈക്കൊള്ളേണ്ട നടപടികളില്‍ കാലതാമസം വരുത്തുന്നതായും യോഗം വിലയിരുത്തി. വിവിധ വകുപ്പുകളുടെ പദ്ധതി നിര്‍വഹണ പുരോഗതി യോഗം വിലയിരുത്തി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ സി.കെ. നാണു, വി.കെ.സി. മമ്മത് കോയ, ഡോ. എം.കെ. മുനീര്‍, ഇ.കെ. വിജയന്‍, കെ. ദാസന്‍, ജോര്‍ജ് എം. തോമസ്, പി.ടി.എ. റഹീം, കാരാട്ട് റസാക്ക്, പാറക്കല്‍ അബ്ദുല്ല, സബ് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.എം. സുരേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.