ഉപ്പിലിട്ടവയുടെ വില്‍പന; വടകര നഗരസഭ നടപടി തുടങ്ങി

വടകര: നഗരസഭയില്‍ ഉപ്പിലിട്ട പഴം, പച്ചക്കറി എന്നിവയുടെ വില്‍പന നിരോധിക്കാന്‍ നീക്കം തുടങ്ങി. ഇതിന്‍െറ ഭാഗമായി വ്യാപക റെയ്ഡ് നടത്തി. റെയ്ഡില്‍ നാലു പെട്ടിക്കടകളില്‍നിന്നും മൂന്നു കടകളില്‍ നിന്നുമായി ഇത്തരം ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. നഗരസഭാ കൗണ്‍സിലിന്‍െറയും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയും തീരുമാനപ്രകാരമാണ് നടപടി. ഉപ്പിലിട്ടവയുടെ വില്‍പന നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനെക്കുറിച്ച് വെള്ളിയാഴ്ച ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നഗരസഭാ ആരോഗ്യവിഭാഗത്തിന്‍െറ നേതൃത്വത്തില്‍ രാത്രികാല സ്ക്വാഡ് നടത്തിയ റെയ്ഡില്‍ മനുഷ്യ ഉപയോഗത്തിന് പറ്റാത്തതും ഹാനികരവുമായ രാസവസ്തുക്കള്‍ (ഗാഢത കൂടിയ വിനാഗിരിയും മറ്റും) ചേര്‍ത്ത പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉപ്പിലിട്ട് വില്‍പനക്കായി സൂക്ഷിച്ചനിലയില്‍ നഗരസഭയുടെ പലഭാഗങ്ങളിള്‍ നിന്നുമായാണ് പിടിച്ചെടുത്തത്. ഇവ നഗരസഭാ ഓഫിസിലത്തെിച്ചു. സിന്തറ്റിക് വിനാഗിരി കൂടാതെ രൂക്ഷഗന്ധമുള്ള രാസവസ്തുവും ചേര്‍ത്താണിവ വില്‍പന നടത്തുന്നതെന്ന് പറയുന്നു. താഴെ അങ്ങാടി കോതിബസാര്‍ ഭാഗത്താണ് ഇവ ഏറ്റവും കൂടുതല്‍ വില്‍പന നടത്തുന്നതെന്ന് കണ്ടത്തെി. റമദാന്‍ വ്രതാനുഷ്ഠാനം നടക്കുന്നതിനാല്‍ വൈകീട്ടോടെ ഉന്തുവണ്ടികളിലും മറ്റുമായി ആരംഭിക്കുന്ന കച്ചവടം പിറ്റേദിവസം പുലര്‍ച്ചെ അഞ്ചുവരെ നടക്കുന്നതായി മുനിസിപ്പല്‍ അധികൃതര്‍ പറയുന്നു. ഇത്തരം ഉല്‍പനങ്ങള്‍ വളരെ വേഗത്തിലാണത്രെ വിറ്റഴിഞ്ഞുപോകുന്നത്. പലസ്ഥലങ്ങളില്‍ നിന്നായുള്ള ഗുണനിലവാരമില്ലാത്ത വെള്ളമാണിവിടെ ഉപയോഗിക്കുന്നത്.വയറിളക്കവും പകര്‍ച്ചപ്പനിയും മറ്റും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്താനാണ് തീരുമാനം. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷജില്‍കുമാര്‍, ജെ.എച്ച്.ഐമാരായ അജിത്ത്, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.