മലാപ്പറമ്പ് സ്കൂള്‍: കാവലായി പൊലീസിനൊപ്പം സമരസമിതിയും

കോഴിക്കോട്: സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച മലാപ്പറമ്പ് എ.യു.പിസ്കൂളിന് പൊലീസിനൊപ്പം കാവലിന് സംരക്ഷണസമിതിയും. കോടതിവിധി നടപ്പാക്കിയതിനാല്‍ മാനേജര്‍ സ്കൂളിലത്തെി അവകാശം സ്ഥാപിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് കാവലേര്‍പ്പെടുത്തിയത്. അടച്ചുപൂട്ടലിനെതിരെ സമരം നടത്തിയവര്‍ തന്നെയാണ് രാപ്പകല്‍ സ്കൂളിനുമുന്നില്‍ നിലയുറപ്പിച്ചത്. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും പ്രക്രിയ പൂര്‍ത്തിയാവുന്നതുവരെയാണ് ഇവരുടെ സമരം. മലാപ്പറമ്പ് സ്കൂളിലെ കുട്ടികള്‍ കലക്ടറേറ്റിലെ എന്‍ജിനീയേഴ്സ് ഹാളിലാണ് ഇപ്പോള്‍ പഠിക്കുന്നത്. കുട്ടികളെ മലാപ്പറമ്പ് സ്കൂളിലേക്കുതന്നെ തിരികെക്കൊണ്ടുവരണമെന്നാണ് സമരക്കാരുടെ ആവശ്യം. ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാവാന്‍ കാലതാമസമുണ്ടായാല്‍ കലക്ടറേറ്റില്‍നിന്ന് സമീപത്തെ സ്കൂളിലേക്ക് മാറ്റാനുള്ള സാധ്യതയും ഇവര്‍ കരുതുന്നുണ്ട്. തിരുവണ്ണൂര്‍ പാലാട്ട് സ്കൂളിലെ നാലു വിദ്യാര്‍ഥികളെ സമീപത്തെ സര്‍ക്കാര്‍ സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്. ഇതേ അവസ്ഥ ഇവിടെയുമുണ്ടായാല്‍ മാനേജര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവുമെന്നും സമരക്കാര്‍ പറഞ്ഞു. കോടതിവിധി പ്രകാരം സ്കൂള്‍ പൂട്ടിക്കഴിഞ്ഞു. ഇക്കാര്യം എ.ഇ.ഒ കെ.എസ്.കുസുമം ഹൈകോടതിയെ അറിയിക്കുകയും ചെയ്തു. സ്കൂള്‍ ഏറ്റെടുക്കുന്നതിനുള്ള ബാധ്യതാ റിപ്പോര്‍ട്ട് മാത്രമാണ് ജില്ലാ കലക്ടര്‍ ഇതിനകം നല്‍കിയത്. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കണക്കാക്കിയ തുകയാണ് സ്കൂള്‍ നിലനില്‍ക്കുന്ന ഭൂമിക്കും ബാധ്യതാറിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ നടപടിക്കെതിരെ മാനേജര്‍ കോടതിയെ സമീപിക്കാനുള്ള സാധ്യതയും കൂടുതലാണ്. സ്കൂള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമമെല്ലാം കഴിയുമ്പോഴേക്കും ആഴ്ചകള്‍ വൈകുമെന്നാണ് സമരസമിതിയുടെ നിഗമനം. ഏതുതരം സമരമാണ് നടത്തേണ്ടതെന്ന് അടുത്തദിവസം യോഗംചേര്‍ന്ന് തീരുമാനിക്കുമെന്ന് സ്കൂള്‍ സംരക്ഷണ സമിതി നേതാക്കള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.