മെഡിക്കല്‍ കോളജില്‍ സാന്ത്വനത്തിന്‍െറ ഇഫ്താര്‍ ഒരുക്കി സന്നദ്ധസംഘടനകള്‍

കോഴിക്കോട്: പുണ്യമാസമായ റമദാനില്‍ കോഴിക്കോടിന്‍െറ ആതുരാലയത്തില്‍ അന്നദാനത്തിന്‍െറ കാരുണ്യച്ചിറക് വിരിച്ച് സന്നദ്ധസംഘടനകള്‍. മതവും ജാതിയും നോക്കാതെ നോമ്പുതുറ സമയത്ത് പാവപ്പെട്ടവനെയും പണക്കാരനെയും ഒരുപോലെ ഊട്ടി നോമ്പിന്‍െറ പുണ്യം വര്‍ധിപ്പിക്കുകയാണ് ഇവര്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്‍റര്‍, കനിവ്, സഹായി തുടങ്ങിയ സംഘടനകളാണ് വിപുലമായ തോതില്‍ നോമ്പുതുറ ഒരുക്കുന്നത്. രോഗികള്‍, കൂട്ടിരിപ്പുകാര്‍, രോഗീസന്ദര്‍ശകര്‍, ഡോക്ടര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, മറ്റ് ആശുപത്രി ജീവനക്കാര്‍ തുടങ്ങി ആയിരങ്ങളാണ് നിത്യേന ഇവിടത്തെ നോമ്പുതുറയുടെ നിര്‍വൃതിയനുഭവിക്കുന്നത്. റമദാനല്ലാത്ത കാലത്തും ആയിരങ്ങള്‍ക്ക് ആഹാരവും ആവശ്യമായവര്‍ക്ക് മരുന്നുകളും മറ്റു സഹായസൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നവരാണ് ഈ സന്നദ്ധസംഘടനകള്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് ഭക്ഷണത്തിനത്തെുന്നവരിലേറെയും. മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ 15 വര്‍ഷമായി ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന സി.എച്ച് സെന്‍റര്‍ 1000ലേറെ പേര്‍ക്കാണ് ഓരോ ദിവസവും നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കുന്നത്. അത്രതന്നെ പേര്‍ക്ക് അത്താഴവും വിതരണം ചെയ്യുന്നുണ്ട്. 50 പേരാണ് സി.എച്ച് സെന്‍ററില്‍ ഇതിനുവേണ്ടി സേവനമനുഷ്ഠിക്കുന്നത്. നോമ്പുകാലത്തെ പ്രത്യേക ഭക്ഷണവിതരണം കൂടാതെ സാധാരണ സമയത്ത് നല്‍കുന്ന ഭക്ഷണവിതരണവും ഇവര്‍ മുടക്കിയിട്ടില്ല. കഴിഞ്ഞ 12 വര്‍ഷമായി മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന ‘സഹായി’യും വിപുലമായി ഇഫ്താര്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. 1500 പേര്‍ക്ക് നോമ്പുതുറ വിഭവങ്ങളും 1000 പേര്‍ക്ക് അത്താഴവും ഇവര്‍ നല്‍കുന്നു. സാധാരണ ദിവസങ്ങളിലുള്ള ഭക്ഷണവിതരണവുമുണ്ട്. ‘കനിവ്’ പ്രവര്‍ത്തകര്‍ 500 പേരെയാണ് നോമ്പുതുറപ്പിക്കുന്നത്. ഇത്രയും പേര്‍ക്ക് അത്താഴത്തിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. പത്ത് പേരാണ് ഭക്ഷണമൊരുക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി മുന്നില്‍നില്‍ക്കുന്നത്. വൈകീട്ട് വാര്‍ഡുകളിലൂടെ ടോക്കണ്‍ വിതരണം ചെയ്യുകയാണ് ഈ സംഘടനയിലെ വളണ്ടിയര്‍മാര്‍ ചെയ്യുന്നത്. നോമ്പ് തുറക്കാനാവുന്നതോടെ കൂട്ടിരിപ്പുകാര്‍ വന്ന് ഭക്ഷണം വാങ്ങിക്കൊണ്ടുപോവും. ഡോക്ടര്‍മാരും വിദ്യാര്‍ഥികളുമുള്‍പ്പെടെ കുറച്ചുപേര്‍ക്ക് വിതരണകേന്ദ്രത്തിനുസമീപം ഒരുക്കിയ ഇരിപ്പിടങ്ങളില്‍ ഇരുന്ന് കഴിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. വിഭവസമൃദ്ധമാണ് ഓരോ ദിവസത്തെയും ഭക്ഷണം. മനുഷ്യസ്നേഹികളുടെയും പ്രവാസികളായ ഉദാരമനസ്കരുടെയും വിവിധ സംഘടനകളുടെയും സാമ്പത്തികപിന്തുണയോടെയാണ് റമദാനിലെ മുപ്പത് ദിവസവും ഇവര്‍ ഭക്ഷണമൊരുക്കുന്നത്. വിശന്നുവരുന്നവന് ജാതിയോ മതമോ നോക്കാതെ ഭക്ഷണം നല്‍കുന്നത് നോമ്പിന്‍െറ പുണ്യം വര്‍ധിപ്പിക്കുമെന്ന് സി.എച്ച് സെന്‍റര്‍ മാനേജര്‍ സമദും സഹായി പ്രവര്‍ത്തകന്‍ സലീമും കനിവ് മാനേജര്‍ ഹസനുല്‍ ബന്നയും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.