മാട്ടുവയലിലെ തീരദേശവാസികള്‍ കടല്‍ക്ഷോഭ ഭീതിയില്‍

എലത്തൂര്‍: മാട്ടുവയലിലെ തീരദേശവാസികള്‍ കടല്‍ക്ഷോഭ ഭീഷണിയില്‍. കഴിഞ്ഞദിവസത്തെ ശക്തമായ കടല്‍ക്ഷോഭംനിമിത്തം സംരക്ഷണഭിത്തി തകര്‍ത്ത് കടല്‍ കരയിലേക്ക് കയറി വീടുകളില്‍ വെള്ളമത്തെിയതോടെ തീരദേശവാസികള്‍ ഭീതിയിലായി. വെള്ളം വീടുകളിലേക്ക് കൂടുതല്‍ കയറാതിരിക്കാന്‍ വീടുകള്‍ക്കു മുന്നില്‍ മണല്‍ച്ചാക്കുകള്‍വെച്ച് തടഞ്ഞിരിക്കുകയാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍. സംരക്ഷണഭിത്തിയില്‍ നിന്ന് അമ്പതുമീറ്ററോളം കരയിലേക്ക് കടല്‍ കയറുകയും തിരിച്ചൊഴുക്കില്‍ മണല്‍ കടലിലേക്കൊഴുകിയതിനാലും വന്‍ചാലുകള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥയിലാണ് പ്രദേശം. സംരക്ഷണഭിത്തിക്കായി ഉപയോഗിച്ച വന്‍ പാറക്കഷണങ്ങള്‍ ശക്തമായ തിരമൂലം കരയിലേക്ക് തെറിച്ച് ചിതറിക്കിടക്കുകയാണ്. ബുധനാഴ്ച 12 മണിയോടെ തുടങ്ങിയ കടലാക്രമണം മൂന്നുമണിവരെ ശക്തമായിരുന്നു. കാലവര്‍ഷം ശക്തമാകുമ്പോള്‍ മാത്രമേ ഈ ഭാഗങ്ങളില്‍ കടല്‍ പരുക്കനാകാറുണ്ടായിരുന്നുള്ളൂവെന്ന് കൗണ്‍സിലര്‍ വി. റഹ്യ പറഞ്ഞു. മുന്‍കാലങ്ങളിലൊന്നും ഇത്ര ഭീതി ഇവിടെ ഉണ്ടായിരുന്നില്ലത്രെ. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ വിഷയത്തിന്‍െറ ഗൗരവം എത്തിച്ചതായും കൗണ്‍സിലര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.