മാവൂരിനെ കാന്‍സര്‍ മുക്തമാക്കാന്‍ ബൃഹത് പദ്ധതി

മാവൂര്‍: ഗ്രാമപഞ്ചായത്തിനെ കാന്‍സര്‍ മുക്ത പഞ്ചായത്താക്കി മാറ്റാന്‍ ഗ്രാമപഞ്ചായത്തിന്‍െറ ബൃഹത് പദ്ധതി. ജില്ലാ പഞ്ചായത്തിന്‍െറ സഹകരണത്തോടെയാണ് പദ്ധതി തുടങ്ങുന്നത്. രോഗലക്ഷണങ്ങളുള്ളവരെയും രോഗികളെയും കണ്ടത്തെി ചികിത്സക്ക് എത്തിക്കുന്നതടക്കമുള്ള വിവിധ ഘട്ടങ്ങളിലൂടെയുള്ള പദ്ധതിയാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. 2016-17 വര്‍ഷത്തില്‍ കാന്‍സര്‍മുക്ത പഞ്ചായത്ത് പദ്ധതിയെന്ന പേരില്‍ ഗ്രാമപഞ്ചായത്ത് പരിപാടികള്‍ ആസൂത്രണം ചെയ്യുകയും രണ്ടുലക്ഷം രൂപ വകയിരുത്തുകയും ചെയ്തിരുന്നു. ജില്ലാ പഞ്ചായത്ത് ‘ജീവതാളം’ കാന്‍സര്‍ കണ്ടത്തെല്‍ ബോധവത്കരണ പദ്ധതിയും ആസൂത്രണം ചെയ്തിരുന്നു. ജില്ലയിലെ എട്ട് പഞ്ചായത്തുകളെയാണ് ജില്ലാ പഞ്ചായത്ത് ‘ജീവതാളം’ നടപ്പാക്കാന്‍ തെരഞ്ഞെടുത്തത്. ഇതിലൊന്ന് മാവൂര്‍ ഗ്രാമപഞ്ചായത്താണ്. ഈ രണ്ട് പദ്ധതികളും ചേര്‍ത്ത് സംയുക്തമായാണ് മാവൂരിനെ കാന്‍സര്‍ മുക്തമാക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിന്‍െറ ആദ്യഘട്ടമായി ഗ്രാമപഞ്ചായത്ത് തലത്തില്‍ സംഘാടകസമിതി രൂപവത്കരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. മുനീറത്ത് ചെയര്‍പേഴ്സനും സെക്രട്ടറി എം.എ. റഷീദ് കണ്‍വീനറുമായി സമിതി രൂപവത്കരിച്ചത്. തുടര്‍ന്ന് ജൂണ്‍ 30നകം എല്ലാ വാര്‍ഡുകളിലും സംഘാടകസമിതി രൂപവത്കരിക്കും. അതിനുശേഷം ഓരോ വാര്‍ഡിലും കുറഞ്ഞത് പ്ളസ് ടു വരെയെങ്കിലും വിദ്യാഭ്യാസമുള്ള ആറോളം സന്നദ്ധപ്രവര്‍ത്തകരെ തെരഞ്ഞെടുത്ത് ഇവര്‍ക്ക് അര്‍ബുദരോഗം തിരിച്ചറിയാനും ലക്ഷണങ്ങള്‍ സംബന്ധിച്ചും വിദഗ്ധ പരിശീലനം നല്‍കുകയും ഇവരെയുപയോഗിച്ച് വിശദ സര്‍വേ നടത്തുകയും ചെയ്യും. സര്‍വേയില്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ പേരെയും സമീപിച്ച് രോഗലക്ഷണമുള്ളവരെയും സംശയിക്കുന്നവരെയും രോഗികളെയും കണ്ടത്തെും. ഇതിനായി മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ പ്രത്യേക ചോദ്യാവലിയാണ് ഉപയോഗിക്കുക. ജൂലൈ അവസാനത്തോടെ സര്‍വേ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. തുടര്‍ന്ന് ഇവര്‍ക്കായി മെഡിക്കല്‍കോളജിലെയും മറ്റും വിവിധ വകുപ്പുകളിലെ വിദഗ്ധ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ച് ജില്ലാ പഞ്ചായത്തിന്‍െറ സഹായത്തോടെ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഇതില്‍ കണ്ടത്തെുന്ന രോഗികളെ മെഡിക്കല്‍ കോളജിലേക്കും സെക്കന്‍ഡറി ഘട്ടത്തിലേക്ക് നീങ്ങിയവരെ ആര്‍.സി.സിയിലേക്കും റഫര്‍ ചെയ്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. രോഗഭീതിയാല്‍ പരിശോധനക്ക് മടിക്കുന്നവരെയടക്കം മെഡിക്കല്‍ ക്യാമ്പിലേക്ക് എത്തിക്കുന്നതുവരെ സര്‍വേ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മുഴുവന്‍പേരെയും ഈ രോഗഭീഷണിയില്‍നിന്ന് മുക്തമാക്കുകയുമാണ് ലക്ഷ്യമിടുന്നത്. സംഘാടകസമിതി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് വളപ്പില്‍ റസാഖ് അധ്യക്ഷത വഹിച്ചു. ജീവതാളം പദ്ധതി ജില്ലാ കോഓഡിനേറ്റര്‍ എ.കെ. തറുവൈ പദ്ധതിയെകുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ഉസ്മാന്‍, സുരേഷ് പുതുക്കുടി, ബ്ളോക് അംഗം രവികുമാര്‍ പനോളി, മെഡിക്കല്‍ ഓഫിസര്‍ ഡോ. എം. ജയദേവ്, സി.ഡി.എസ് ചെയര്‍പേഴ്സന്‍ ബബിത, വി.എസ്. രഞ്ജിത്ത്, പി.കെ. അബ്ദുല്ലക്കോയ, വത്സരാജ്, മാവൂര്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കവിതാഭായി സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് ഇ. മുരളീധരന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.