മലാപ്പറമ്പ് സ്കൂള്‍: താഴുവീണത് രണ്ടരക്കൊല്ലത്തെ അനിശ്ചിതത്വത്തിനൊടുവില്‍

കോഴിക്കോട്: 130 കൊല്ലം പഴക്കമുള്ള മലാപ്പറമ്പ് എ.യു.പി സ്കൂള്‍ പൂട്ടിയത് രണ്ടരക്കൊല്ലത്തെ അനിശ്ചിതത്വത്തിനൊടുവില്‍. 2014 ഏപ്രില്‍ 10ന് ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ പോളിങ് ബൂത്തായിരുന്ന സ്കൂള്‍ അന്ന് രാത്രി മാനേജര്‍ പൊളിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. 2013 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ സ്കൂള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും ഈ നീക്കം പുറത്താവുന്നത് 2014ലാണ്. ഒരു ക്ളാസില്‍ 15 പേര്‍ വീതം ഏഴ് ക്ളാസില്‍ 105 പേരെങ്കിലും വേണ്ടിടത്ത് കുറേക്കാലമായി 50 കുട്ടികളേ ഇവിടെ പഠിക്കുന്നുള്ളൂ. പൊളിക്കല്‍ സംഭവത്തെ തുടര്‍ന്ന് മാനേജര്‍ക്കെതിരെ കേസായി. അദ്ദേഹം ഒളിവില്‍പോയി. എ. പ്രദീപ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പൊളിച്ചഭാഗം പുനര്‍നിര്‍മിച്ചു. ഡി.ഡി.ഇയും കലക്ടറുമത്തെി. മാനേജറെ അയോഗ്യനാക്കി. ഡി.ഡി.ഇക്ക് മാനേജറുടെ താല്‍ക്കാലിക ചുമതല നല്‍കി. നാട്ടുകാര്‍ പിരിവെടുത്ത് കെട്ടിടംപണി തുടങ്ങി. ഇതിനിടെ മാനേജര്‍ കോടതിയിലത്തെി. 2016 മാര്‍ച്ച് 31നകം സ്കൂള്‍ പൂട്ടണമെന്ന് ഹൈകോടതി നിര്‍ദേശം വന്നു. സംരക്ഷണ സമിതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും പഴയ ഉത്തരവ് കോടതി ശരിവെച്ചു. 2016 ഏപ്രില്‍ എട്ടിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സ്കൂള്‍ പൂട്ടി ഉത്തരവിറക്കി. ഇതിനിടെ സിറ്റി ഉപജില്ലാ എ.ഇ.ഒ പ്രധാനാധ്യാപികയോട് രേഖകളും താക്കോലും ആവശ്യപ്പെട്ടെങ്കിലും താക്കോല്‍ സ്കൂള്‍ സംരക്ഷണസമിതിക്കാര്‍ വാങ്ങിയെന്നായിരുന്നു മറുപടി. ഇതിന് ബലം നല്‍കാന്‍ താക്കോല്‍ പോയതായി ചേവായൂര്‍ പൊലീസില്‍ പ്രധാനാധ്യാപിക പരാതിയും നല്‍കി. ഇതിനിടെ മാനേജറുടെ പരാതിയില്‍ മേയ് 20നകം പൂട്ടണമെന്ന് ഹൈകോടതി ഉത്തരവിറങ്ങി. തെരഞ്ഞെടുപ്പ് കാലത്തായിരുന്നു നടപടികള്‍. 19ന് എ.ഇ.ഒ വിധി നടപ്പാക്കാന്‍ വന്നപ്പോള്‍ നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷമായി. ലാത്തിച്ചാര്‍ജും നടന്നു. ഹൈകോടതി രൂക്ഷവിമര്‍ശത്തോടെ സ്കൂള്‍ ഒഴിപ്പിക്കാനുള്ള അവസാന തീയതി മേയ് 27 ആയി അന്ത്യശാസനം നല്‍കി. 26നും അധികാരികള്‍ക്ക് ചെറുത്തുനില്‍പ്പ് കാരണം തിരിച്ചുപോകേണ്ടി വന്നു. ഇതിനിടെ പുതിയ സര്‍ക്കാറിന്‍െറ അപ്പീല്‍ സുപ്രീംകോടതി തള്ളി. ജൂണ്‍ എട്ടിനകം പൂട്ടണമെന്ന് ഉത്തരവിറങ്ങി. ഇന്നലെ സ്കൂള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ ഉത്തരവിറങ്ങിയെങ്കിലും ആദ്യം കോടതി ഉത്തരവ് അനുസരിക്കാനായിരുന്നു ഹൈകോടതി നിര്‍ദേശം. അതുപ്രകാരമാണ് മലാപ്പറമ്പ് സ്കൂളിന് താഴുവീണത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.