വടകര സബ്ജയില്‍: 13 പേരെ പാര്‍പ്പിക്കേണ്ടിടത്ത് 40ലേറെ തടവുകാര്‍

വടകര: സബ്ജയില്‍ മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ അവസ്ഥയില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങിന്‍െറ സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. നിലവില്‍ വടകര സബ്ജയിലില്‍ 13 തടവുകാരെ പാര്‍പ്പിക്കേണ്ടിടത്ത് 40ലേറെ റിമാന്‍ഡ് പ്രതികളാണുള്ളത്. അസൗകര്യങ്ങള്‍ മാത്രമല്ല, സുരക്ഷാപ്രശ്നംകൂടി സബ്ജയിലിനെ വേട്ടയാടുന്നുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച താലൂക്ക് ജയിലാണ് സബ്ജയിലായി പ്രവര്‍ത്തിക്കുന്നത്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ജയിലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയോ കാര്യമായ നവീകരണപ്രവൃത്തികള്‍ നടത്തുകയോ ചെയ്തിട്ടില്ല. കിടക്കാനുള്ള സ്ഥലപരിമിതിമൂലം പലപ്പോഴും തടവുപുള്ളികള്‍ ഊഴംവെച്ചാണ് ഉറങ്ങുന്നത്. ഇത്രയും തടവുകാരെ നിയന്ത്രിക്കുന്നതിന് സൂപ്രണ്ടും മൂന്ന് ഹെഡ് വാര്‍ഡര്‍മാരുമടങ്ങുന്ന 10 ജീവനക്കാര്‍ മാത്രമാണുള്ളത്. പഴയ സ്റ്റാഫ് പാറ്റേണ്‍ തുടരുന്നതിനാല്‍ ജീവനക്കാരും പൊറുതിമുട്ടുകയാണ്. വിശ്രമിക്കാനോ പ്രാഥമികകൃത്യം നിര്‍വഹിക്കാനോ സൗകര്യമില്ല. പഴയ കെട്ടിടത്തിന്‍െറ മൂന്നു ഭാഗത്തും സുരക്ഷക്കായുള്ളത് തുരുമ്പിച്ച കമ്പിവേലിയാണ്. പിന്‍ഭാഗത്തുള്ള ചുറ്റുമതില്‍ വര്‍ഷങ്ങളായി അപകടാവസ്ഥയിലാണ്. ഓടുമേഞ്ഞ കെട്ടിടത്തിന് സുരക്ഷാകവചമായിട്ടുള്ളത് നേരിയ ഇരുമ്പുവലയാണ്. കാസര്‍കോട് മുതല്‍ എറണാകുളംവരെയുള്ള മയക്കുമരുന്ന് കേസ് പ്രതികളെ വടകരയില്‍ റിമാന്‍ഡില്‍ പാര്‍പ്പിക്കുന്നുണ്ട്. അധോലോക സംഘാംഗങ്ങള്‍വരെയുള്ള കോടികളുടെ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരെയടക്കം ഇവിടെ താമസിപ്പിക്കുന്നത് ഏറെ സുരക്ഷാപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു. ലഹരിമരുന്നിന് അടിമകളായവര്‍ ജയിലില്‍ ബഹളമുണ്ടാക്കുന്നത് പതിവാണ്. മാരകരോഗങ്ങള്‍ക്ക് അടിമപ്പെട്ടവരെയും ചെറിയ സംഭവങ്ങളില്‍പെട്ട രാഷ്ട്രീയതടവുകാരെയും ഒരുമിച്ച് താമസിപ്പിക്കുന്നത് ഏറെ വിമര്‍ശത്തിനിടയാക്കുകയാണ്. മയക്കുമരുന്നുസംഘത്തില്‍പെട്ടവര്‍ പല സാധാരണ പ്രതികളെയും ജയിലിനകത്തുനിന്നും തങ്ങളുടെ വലയിലാക്കാന്‍ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.