കുന്ദമംഗലം: പതിമംഗലം ഉണ്ടോടിക്കടവ് ചെക്ഡാം നാടിന് സമര്‍പ്പിച്ചു. ഉത്സവച്ഛായ കലര്‍ന്ന അന്തരീക്ഷത്തില്‍ പി.ടി.എ. റഹീം എം.എല്‍.എ ചെക് ഡാം ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 95 ലക്ഷം രൂപ ഉപയോഗിച്ചാണ് പൂനൂര്‍ പുഴയില്‍ സ്ഥിരസ്വഭാവത്തോടുകൂടിയ ബണ്ട് നിര്‍മിച്ചത്. ബണ്ടിന് 32 മീറ്റര്‍ നീളവും 1.50 മീറ്റര്‍ ഉയരവുമാണുള്ളത്. ബണ്ടിന്‍െറ മുകള്‍ഭാഗത്ത് 15 മീറ്റര്‍ നീളത്തില്‍ പുഴക്കിരുവശവും പാര്‍ശ്വഭിത്തിയും നിര്‍മിച്ചിട്ടുണ്ട്. പുഴയിലേക്കും കുളിക്കടവിലേക്കും ഇറങ്ങിവരാന്‍ പ്രത്യേകം സ്റ്റെപ്പുകളും കൈവരിയും സ്ഥാപിച്ചിട്ടുണ്ട്. ഒഴുക്കിന് തടസ്സം വരാത്ത രീതിയില്‍ പുഴയുടെ വീതി കൂട്ടിയാണ് ബണ്ട് നിര്‍മിച്ചിട്ടുള്ളത്. പുഴയുടെ ഒരു ഭാഗത്ത് കുന്ദമംഗലം ഗ്രാമ പഞ്ചായത്തും മറുഭാഗത്ത് മടവൂര്‍ ഗ്രാമ പഞ്ചായത്തും സ്ഥിതിചെയ്യുന്ന ഇവിടെ നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു ചെക്ഡാം. ഇതോടെ ഇവിടെയുള്ള കിണറുകളിലെ ജലവിതാനം ഉയരുകയും കര്‍ഷകര്‍ക്ക് ജലസേചനത്തിന് വെള്ളം സുലഭമായി ലഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ആമ്പ്രമലക്കുന്ന് കുടിവെള്ള പദ്ധതിയുടെ കിണര്‍, നിര്‍മാണം പൂര്‍ത്തിയായ ബണ്ടിന് മുകള്‍ ഭാഗത്തായതിനാല്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനും സഹായിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. മൈനര്‍ ഇറിഗേഷന്‍ എക്സി. എന്‍ജിനീയര്‍ ബാബു തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുന്ദമംഗലം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് രമ്യ ഹരിദാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. സീനത്ത്, എ.എക്സ്.ഇ ഉണ്ണികൃഷ്ണന്‍, കെ. ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രജനി തടത്തില്‍ സ്വാഗതവും വാര്‍ഡ് അംഗം എ.കെ. ഷൗക്കത്തലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.