പരിസ്ഥിതി സൗഹാര്‍ദ പദ്ധതികളുമായി ബ്ളോക് പഞ്ചായത്ത്

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബ്ളോക് പഞ്ചായത്തും മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാന്‍റ് സയന്‍സും ചേര്‍ന്ന് ‘സുന്ദരം സുസ്ഥിരം ഹരിതാഭം’ എന്ന പേരില്‍ അഞ്ചിന പരിസ്ഥിതി സൗഹൃദ പരിപാടികള്‍ നടത്തുന്നു. ഓരോ തുള്ളിയും കരുതലോടെ, ഹരിതപാത, നാട്ടുമാവിന്‍ ചുന നാട്ടുമണം, നാടും വീടും ശുദ്ധി, ഹരിതാവരണം തുടങ്ങി അഞ്ച് പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. മനോജ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരമ്പരാഗത ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതോടൊപ്പം പുതിയവ നിര്‍മിക്കുക, മഴക്കുഴികള്‍ നിര്‍മിക്കുക, നിര്‍ദേശ്, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവയുടെ ഉടമസ്ഥതയിലെ സ്ഥലങ്ങളില്‍ കുളങ്ങള്‍ നിര്‍മിച്ച് ഭൂവസ്ത്രം സ്ഥാപിച്ച് സംരക്ഷിക്കുക എന്നിവയാണ് ഓരോ തുള്ളിയും കരുതലോടെ എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബ്ളോക് പഞ്ചായത്ത് പരിധിയിലെ തെരഞ്ഞെടുത്ത റോഡുകളുടെ വശങ്ങളില്‍ മരങ്ങള്‍ നട്ടുസംരക്ഷിക്കുക എന്നതാണ് ഹരിതപാത പദ്ധതി. അന്യമായിക്കൊണ്ടിരിക്കുന്ന മാവ്, പ്ളാവ്, വാളന്‍പുളി എന്നിവയുടെ വിത്തുകള്‍ ശേഖരിപ്പിച്ച് മുളപ്പിച്ച് വിതരണം ചെയ്യുന്ന നാട്ടുമാവിന്‍ ചുന നാട്ടുമണം പദ്ധതിക്ക് കുടുംബശ്രീ നേതൃത്വം നല്‍കും. മാലിന്യ സംസ്കരണ കാമ്പയിനാണ് നാടും വീടും ശുദ്ധി എന്നതിലൂടെ ലക്ഷ്യമിടുന്നത്. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ഗ്രീന്‍ ബെല്‍റ്റുകള്‍ നിര്‍മിക്കുന്ന ഹരിതാവരണം പദ്ധതിയുടെ ആദ്യഘട്ടം നിര്‍ദേശ്, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ നടപ്പാക്കും. കുടുംബശ്രീ ജില്ലാ മിഷന്‍, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വനം വന്യജീവി വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ ഒമ്പതിന് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ.പി.ടി.എ. റഹീം എം.എല്‍.എ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. ആര്‍. പ്രകാശ്കുമാര്‍, ബ്ളോക് പഞ്ചായത്ത് സെക്രട്ടറി ജി.പി. ശ്രീജിത്ത്, ടി.പി. മുഹമ്മദ് ബഷീര്‍, ഹസീന തുടങ്ങിയവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.