എകരൂല്‍: കേരള മെഡിക്കല്‍ പ്രവേശ പരീക്ഷയില്‍ എട്ടാം റാങ്ക് കരസ്ഥമാക്കിയ കെ. ഹരികൃഷ്ണന്‍(18) ഉണ്ണികുളം പഞ്ചായത്തിലെ ഇയ്യാട് ഗ്രാമത്തിന് അഭിമാനമായി. 960 ല്‍ 940 മാര്‍ക്ക് നേടിയാണ് ഹരികൃഷ്ണന്‍ നേട്ടം കൊയ്തത്. കോഴിക്കോട് ജില്ലയില്‍ ഒന്നാം സ്ഥാനവുമുണ്ട്. കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്ര ഓഫിസില്‍നിന്ന് വ്യവസായ വികസന ഓഫിസറായി വിരമിച്ച ഇയ്യാട് കായക്കല്‍ ബാലന്‍നായരുടെയും പാരലല്‍ കോളജ് അധ്യാപികയായ പുഷ്പയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് ഹരികൃഷ്ണന്‍. ഒന്നു മുതല്‍ ഏഴുവരെ ഇയ്യാട് സി.സി.യു.പി സ്കൂളിലും എസ്.എസ്.എല്‍.സിക്ക് കുട്ടമ്പൂര്‍ ഹൈസ്കൂളിലും മലയാളം മീഡിയത്തില്‍ പഠനം. പ്ളസ് ടുവിന് ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസില്‍നിന്ന് 98 ശതമാനം മാര്‍ക്കോടെ വിജയം നേടി. എസ്.എസ്.എല്‍.സിക്ക് ഫുള്‍ എ പ്ളസ് ലഭിച്ചിരുന്നു. റാങ്ക് ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നതായി ഹരികൃഷ്ണന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ജ്യേഷ്ഠ സഹോദരന്‍ വിഷ്ണു പ്രസാദ് ചെന്നൈ ഗവ. കില്‍പോക് മെഡിക്കല്‍ കോളജില്‍ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയാണ്. ജോലിയില്‍നിന്ന് വിരമിച്ചതിനുശേഷം ശരീരം തളര്‍ന്ന് കിടപ്പായ പിതാവിനെ ജോലി ഉപേക്ഷിച്ച് ശുശ്രൂഷിക്കുകയാണ് ഹരികൃഷ്ണന്‍െറ മാതാവ്. പരാധീനതകള്‍ക്കിടയിലും മികച്ച വിജയം നേടിയ മകന്‍െറ സന്തോഷത്തില്‍ ആനന്ദിക്കുകയാണ് ഈ മാതാപിതാക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.