ഷിബിന്‍ വധക്കേസ്: വിധി 15ന്

കോഴിക്കോട്: തൂണേരി വെള്ളൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ സി.കെ. ഷിബിനെ കൊലപ്പെടുത്തിയെന്ന കേസ് വിധി പറയാന്‍ മാറാട് പ്രത്യേക കോടതി ജഡ്ജി എസ്. കൃഷ്ണകുമാര്‍ ജൂണ്‍ 15ന് മാറ്റി. പ്രതിഭാഗം അഭിഭാഷകരുടെ വാദം ബുധനാഴ്ച പൂര്‍ത്തിയായതിനെ തുടര്‍ന്നാണിത്. പ്രോസിക്യൂഷന്‍ വാദം ചൊവ്വാഴ്ചതന്നെ പൂര്‍ത്തിയായിരുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ ലീഗ് പ്രവര്‍ത്തകര്‍ സംഘംചേര്‍ന്ന് സി.പി.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും രാഷ്ട്രീയ കക്ഷികളിലൊന്നുംപെടാത്ത ആളെയും ആക്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. കേസില്‍ 66 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 151 രേഖകളും 55 തൊണ്ടിമുതലുകളുമാണുള്ളത്. കഴിഞ്ഞ വര്‍ഷം ജനുവരി 22ന് രാത്രി ഷിബിനെ വെട്ടിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ആറ് യുവാക്കളെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് കേസ്. തെയ്യമ്പാടി മീത്തലെ പുനച്ചിക്കണ്ടി ഇസ്മായില്‍ (28), സഹോദരന്‍ മുനീര്‍ (30) എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. താഴെകുനിയില്‍ കാളിയാറമ്പത്ത് അസ്ലം (20), വാരാങ്കിതാഴെകുനി സിദ്ദീഖ് (30), കൊച്ചന്‍റവിട ജസീം (20), കടയംകോട്ടുമ്മല്‍ സമദ് (അബ്ദുസ്സമദ്-25), മനിയന്‍റവിട മുഹമ്മദ് അനീസ് (19), കളമുള്ളതാഴെകുനി ഷുഹൈബ് (20), മഠത്തില്‍ ഷുഹൈബ് (20), മൊട്ടെമ്മല്‍ നാസര്‍ (36), നാദാപുരം ചക്കോടത്തില്‍ മുസ്തഫ (മുത്തു-25), എടാടില്‍ ഹസന്‍ (24), വില്യാപ്പിള്ളി കണിയാണ്ടിപാലം രാമത്ത് യൂനസ് (36), നാദാപുരം കല്ളേരിന്‍റവിട ഷഫീഖ് (26), പന്തീരാങ്കാവ് പെരുമണ്ണ വെള്ളായിത്തോട് മഞ്ചപ്പാറേമ്മല്‍ ഇബ്രാഹിംകുട്ടി (54), വെണ്ണിയോട് കോട്ടത്തറ വൈശ്യന്‍ വീട്ടില്‍ സൂപ്പി മുസ്ലിയാര്‍ (52), വാണിമേല്‍ പൂവുള്ളതില്‍ അഹമ്മദ് ഹാജി (അമ്മദ്- 55) എന്നിവരാണ് മൂന്നു മുതല്‍ 18 വരെ പ്രതികള്‍. ഒമ്പതാം പ്രതിയുടെ വിചാരണ കോഴിക്കോട് ജുവനൈല്‍ കോടതിയിലാണ് നടക്കുന്നത്. ചൊവ്വാഴ്ച സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ. വിശ്വന്‍, അഡ്വ. ബിനുമോന്‍ സെബാസ്റ്റ്യന്‍, അഡ്വ. ഡി. അരുണ്‍ബോസ്, അഡ്വ. പി.പി. ഇര്‍ഫാന്‍ എന്നിവര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.