കോഴിക്കോട്: മലാപ്പറമ്പ് എ.യു.പി സ്കൂളിലും തിരുവണ്ണൂര്‍ പാലാട്ട് എ.യു.പി സ്കൂളിലും ബുധനാഴ്ച നടന്നത് പ്രതിരോധത്തിന്‍െറ പ്രവേശനോത്സവം. അടച്ചുപൂട്ടണമെന്ന് ഹൈകോടതി കര്‍ശനമായി ഉത്തരവിട്ട ജില്ലയിലെ രണ്ട് സ്കൂളുകളിലാണ് മറ്റ് സ്കൂളുകളിലെപ്പോലെതന്നെ വര്‍ണാഭമായി പ്രവേശനോത്സവം കൊണ്ടാടിയത്. മലാപ്പറമ്പ് എ.യു.പിയില്‍ ഒന്നാം ക്ളാസിലേക്ക് എട്ടുപേരാണ് പുതുതായി എത്തിയത്. രണ്ടാംക്ളാസില്‍ ഒരാളും മൂന്നിലേക്ക് രണ്ടുപേരും ഉള്‍പ്പെടെ മൊത്തം 15 കുട്ടികളായിരുന്നു നവാഗതര്‍. ഇതോടെ സ്കൂളിലെ മൊത്തം കുട്ടികളുടെ എണ്ണം 60 ആയി. ഒന്നാംക്ളാസിലെ കുട്ടികള്‍ക്ക് കഥ, കവിതാ പുസ്തകങ്ങളും കളിപ്പാട്ടങ്ങളും സമ്മാനിച്ചാണ് സ്കൂള്‍ സംരക്ഷണസമിതി പ്രവര്‍ത്തകരും മുതിര്‍ന്ന കുട്ടികളും വരവേറ്റത്. മുതിര്‍ന്ന നവാഗതര്‍ക്ക് സമ്മാനിച്ച ഓര്‍മമരങ്ങള്‍ സ്കൂളില്‍ നട്ടു. പ്രവേശനോത്സവം കവി രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. ഭാസി മലാപ്പറമ്പ് അധ്യക്ഷതവഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാര്‍ മുഖ്യാതിഥിയായിരുന്നു. ¥ൈഹകോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ പ്രധാനാധ്യാപിക എത്തിയില്ല. തിരുവണ്ണൂര്‍ പാലാട്ട് സ്കൂളിലും പ്രവേശനോത്സവത്തിന്‍െറ ആരവങ്ങളുണ്ടായിരുന്നു. അഞ്ചുമുതല്‍ ഏഴുവരെ ക്ളാസുകളാണ് ഇവിടെയുള്ളത്. അഞ്ചാംക്ളാസില്‍ നാലുപേരും ആറാംക്ളാസില്‍ ഒരു കുട്ടിയുമാണ് പുതുതായി എത്തിയത്. പുതിയ അധ്യയനവര്‍ഷം ആകെ17 കുട്ടികള്‍ സ്കൂളിലുണ്ട്. നടിയും ആക്ടിവിസ്റ്റുമായ സജിത മഠത്തില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപികയുടെ ചുമതലയുള്ള പി. വിജയലക്ഷ്മി അധ്യക്ഷതവഹിച്ചു. മലാപ്പറമ്പ് സ്കൂള്‍ ജൂണ്‍ എട്ടിനകവും പാലാട്ട് സ്കൂള്‍ ഇക്കഴിഞ്ഞ 31നുമുമ്പും അടച്ചുപൂട്ടണമെന്നായിരുന്നു ഹൈകോടതിയുടെ കര്‍ശന നിര്‍ദേശം. മലാപ്പറമ്പിലെ ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.