മാലിന്യസംസ്കരണം: കോര്‍പറേഷന് സ്വന്തം നിയമം തയാറായി

കോഴിക്കോട്: പ്ളാസ്റ്റിക്കടക്കമുള്ള നഗരത്തിലെ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാനും ശിക്ഷ കര്‍ശനമാക്കാനുമായുള്ള നിയമാവലി നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചു. ‘കോര്‍പറേഷന്‍ പ്ളാസ്റ്റിക് ഖര ദ്രവ ഇ-മാലിന്യ പരിപാലന നിയമാവലി 2016’ ന്‍െറ കരടുരൂപമാണ് നഗരസഭാ യോഗം ചര്‍ച്ചചെയ്തത്. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് ഓരോ കുറ്റത്തിനും 500 രൂപവരെ പിഴയിടാന്‍ കോര്‍പറേഷന്‍ സെക്രട്ടറിക്ക് അധികാരം നല്‍കുന്നതാണ് നിയമം. നിയമലംഘനം തുടരുന്ന ഓരോ ദിവസവും 50 രൂപവരെ പിഴ ചുമത്താനുമാകും. സെക്രട്ടറിയുടെ നടപടിക്കെതിരായ അപ്പീല്‍ കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിക്കാം. കൗണ്‍സിലര്‍മാരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും വ്യാപാരികളില്‍നിന്നുമടക്കം വിശദമായ അഭിപ്രായങ്ങള്‍ ശേഖരിച്ച് ആവശ്യമായ ഭേദഗതിയോടെ നിയമം സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിക്കും. അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഒരു മാസം സമയമനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ നിയമം പ്രാബല്യത്തില്‍ വരും. നിയമം പെട്ടെന്ന് നടപ്പാക്കാനാണ് ശ്രമമെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി. ബാബുരാജ് പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഇത്തരമൊരു നിയമം നടപ്പാക്കുന്ന ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൊന്നായി കോഴിക്കോട് കോര്‍പറേഷന്‍ മാറും. 2016ലെ പ്ളാസ്റ്റിക് വേസ്റ്റ് മാനേജ്മെന്‍റ് ഹാന്‍ഡ്ലിങ് ചട്ടം 4(സി) പ്രകാരം 50 മൈക്രോണില്‍ കുറവുള്ള കാരിബാഗുകള്‍ നിരോധിച്ചുകൊണ്ടാണ് പുതിയ നിയമം. 50 മൈക്രോണില്‍ കൂടുതല്‍ കനമുള്ള കാരിബാഗുകള്‍ ആയാല്‍തന്നെ അവ കച്ചവടക്കാര്‍ സാധനങ്ങള്‍ വാങ്ങാനത്തെുന്നവര്‍ക്ക് സൗജന്യമായി കൊടുക്കാന്‍ പാടില്ല. ഓരോ ബാഗിനും അഞ്ചു രൂപമുതല്‍ 10 രൂപവരെ ഈടാക്കണമെന്ന് കരട് നിയമാവലി നിര്‍ദേശിക്കുന്നു. ഖരമാലിന്യം ശേഖരിക്കുന്നതിന് നഗരസഭ നിയോഗിക്കുന്ന ഏജന്‍സിക്ക് സ്ഥാപന ഉടമകള്‍ നിശ്ചിത സംഖ്യ നല്‍കണം. സിനിമാ തിയറ്ററിന് മാസം 2400 രൂപ, പെട്രോള്‍പമ്പിന് 600, റീട്ടെയില്‍ ബേക്കറിക്ക് 1200 തുടങ്ങി ഓരോയിനം കടകള്‍ക്കും വെവ്വേറെ തുകയാണ് നിശ്ചയിച്ചിരിക്കുന്നത്. 100ന് മുകളില്‍ ആളുകള്‍ പങ്കെടുക്കുന്ന ലൈസന്‍സില്ലാത്ത പൊതുസ്ഥലത്തെ ചടങ്ങുകള്‍ക്കെല്ലാം നിശ്ചിത തുക കോര്‍പറേഷന് ഖരമാലിന്യ സംസ്കരണത്തിനായി ഫീസ് നല്‍കണം. ആളുകളുടെ എണ്ണത്തിനും ജൈവ-അജൈവ വ്യത്യാസത്തിനും അനുസരിച്ച് 500 മുതല്‍ 4000 രൂപവരെയാണ് കോര്‍പറേഷന്‍ ഫീസ് ഈടാക്കുക. ഈ ഫീസുകളെല്ലാം കാലാകാലങ്ങളില്‍ പ്രമേയം വഴി നഗരസഭക്ക് പുതുക്കിനിശ്ചയിക്കാനുമാകും. മാലിന്യങ്ങള്‍ വേര്‍തിരിച്ച് നല്‍കാതിരുന്നാല്‍ അത് കുറ്റമായി കണക്കാക്കും. ഹോട്ടലുകള്‍, റസ്റ്റാറന്‍റുകള്‍, കല്യാണമണ്ഡപങ്ങള്‍ തുടങ്ങി കൂടുതല്‍ ഖരമാലിന്യം പുറന്തള്ളേണ്ടിവരുന്ന സ്ഥാപനങ്ങള്‍ സ്വന്തമായി ഖരമാലിന്യ സംസ്കരണ സംവിധാനം ഉണ്ടാക്കണം. ആശുപത്രികളും മറ്റും സ്വയം സ്ഥലം കണ്ടത്തെി മാലിന്യസംസ്കരണം നടത്തണം. പൊതു-സ്വകാര്യ സ്ഥലത്തോ മാലിന്യനിക്ഷേപകേന്ദ്രത്തിനടുത്തോ മാലിന്യം കത്തിക്കുന്നത് കുറ്റമായി കാണും. നഗരസഭയില്‍നിന്ന് പ്രത്യേക അനുമതി വാങ്ങിയശേഷമുള്ള ഇന്‍സിനറേറ്ററുകളില്‍ കത്തിക്കുന്നതിന് ഇത് ബാധകമല്ല. മാലിന്യസംസ്കരണം കാര്യക്ഷമമാക്കാന്‍ റെസിഡന്‍റ്സ് അസോസിയേഷനുകളുടെ സഹായം തേടാനും കോര്‍പറേഷന്‍ തല ശുചിത്വ കമ്മിറ്റി, വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി, ആരോഗ്യ സ്ഥിരം സമിതി തല മോണിറ്ററിങ് കമ്മിറ്റി എന്നിവ രൂപവത്കരിക്കാനും കരടുരേഖയില്‍ നിര്‍ദേശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.