മേപ്പയൂരില്‍ ലഹരി മാഫിയ

മേപ്പയൂര്‍: മേപ്പയൂരിലും പരിസരപ്രദേശങ്ങളിലും ലഹരി മാഫിയ പിടിമുറുക്കുന്നത് രക്ഷിതാക്കളില്‍ ഭീതിപരത്തുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പനയും കൗമാരക്കാരായ വിദ്യാര്‍ഥികളെ പ്രലോഭിപ്പിച്ച് കാരിയര്‍മാരാക്കി ലഹരിക്കച്ചവടം വിപുലീകരിക്കുകയുമാണ് ലഹരി മാഫിയയുടെ തന്ത്രം. രണ്ട് സമാന്തര കോളജുകളും പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, പ്ളസ് ടു എന്നിവിടങ്ങളിലായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് മേപ്പയൂരില്‍ എത്തുന്നത്. കഴിഞ്ഞദിവസം അസി. എക്സൈസ് കമീഷണര്‍ എം.എസ്. വിജയന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആന്‍റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് നടത്തിയ വാഹനപരിശോധനയില്‍ ഒന്നരക്കിലോ കഞ്ചാവുമായി നൊച്ചാട് കാവുള്ളാംവീട്ടില്‍ അന്‍വര്‍ സാദത്ത് (37) പിടിയിലായിരുന്നു. സംഘത്തെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. വലിയ അളവില്‍ കഞ്ചാവ് ഉള്‍പ്പെടെ ലഹരിവസ്തുക്കള്‍ ഈ മേഖലയില്‍ വില്‍ക്കുന്നുണ്ടെന്നാണ് ഈ അറസ്റ്റിലൂടെ വെളിവായിരിക്കുന്നത്. മേപ്പയൂരിന്‍െറ സമീപപ്രദേശങ്ങളായ ചെറുവണ്ണൂര്‍, മുയിപ്പോത്ത്, ആവള, പേരാമ്പ്ര എന്നിവിടങ്ങളിലും വ്യാപകമായി ലഹരിവസ്തുക്കളുടെ വില്‍പന നടക്കുന്നുണ്ടെന്നാണ് രഹസ്യ പൊലീസിന്‍െറ റിപ്പോര്‍ട്ട്. വിദ്യാര്‍ഥികളെ വലവീശി കൗതുകത്തിന് ലഹരി സൗജന്യമായി നല്‍കി പിന്നീട് പ്രലോഭനങ്ങള്‍ നല്‍കി സംശയമില്ലാതെ വില്‍പന നടത്താന്‍ കഴിയുന്ന കാരിയര്‍മാരാക്കുകയാണ് ഇത്തരം സംഘങ്ങള്‍ ചെയ്യുന്നത്. യുവത്വത്തെ വഴിതെറ്റിക്കുന്ന ലഹരി മാഫിയയെ ഇല്ലാതാക്കാന്‍ യുവജന പ്രസ്ഥാനങ്ങളും പൊലീസും രംഗത്തിറങ്ങണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.