കോഴിക്കോട്: ജില്ലയില്‍ ഡിഫ്തീരിയ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. ഇതിനായി ജനപ്രതിനിധികളും ആരോഗ്യ വകുപ്പും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ സംഘടിപ്പിച്ച ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗമാണ് തീരുമാനം കൈക്കൊണ്ടത്. യഥാസമയം പ്രതിരോധ കുത്തിവെപ്പ് എടുക്കുക എന്നത് തന്നെയാണ് രോഗം തടയുന്നതിനുളള ഫലപ്രദമായ മാര്‍ഗം. എന്നാല്‍, ചിലര്‍ ഇക്കാര്യത്തില്‍ വിമുഖത കാണിക്കുന്നുണ്ടെന്നും ശക്തമായ ബോധവത്കരണത്തിലൂടെ അവരെ പ്രതിരോധ കുത്തിവെപ്പ് എടുപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. തൊണ്ടവേദന, വിട്ടുവിട്ടുളള പനി, വായ്ക്കുളളിലെ വെളുത്ത പൂപ്പല്‍ തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായുവിലൂടെയാണ് രോഗം പകരുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്ക് കുത്തിവെപ്പ് ക്യാമ്പുകള്‍ നടത്തും. ഏഴു വയസ്സില്‍ താഴെയുള്ളവര്‍ക്ക് സാധാരണ നല്‍കുന്ന പ്രതിരോധ കുത്തിവെപ്പും ഏഴ് മുതല്‍ 16 വരെയുള്ളവര്‍ക്ക് ടി.ഡി വാക്സിനുമാണ് നല്‍കുക. മുമ്പ് വാക്സിന്‍ നല്‍കിയിട്ടുണ്ടോ എന്ന് സംശയമുള്ളവര്‍ക്കും കുത്തിവെപ്പ് എടുക്കാവുന്നതാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കുത്തിവെപ്പ് എടുത്തിട്ടില്ല എന്ന് ഉറപ്പ് വരുത്തിയാല്‍ മതി. മതിയായ വാക്സിന്‍ ലഭ്യമല്ലാത്ത പ്രശ്നം പല പഞ്ചായത്തുകളിലെയും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. വാക്സിനേഷന് എതിരല്ളെന്ന് ഹോമിയോ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കവിത പുരുഷോത്തമന്‍ വ്യക്തമാക്കി. അനിവാര്യമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട പ്രതിരോധ കുത്തിവെപ്പുകള്‍ക്ക് ഹോമിയോപ്പതി വിഭാഗം എതിര്‍ക്കില്ല. ജില്ലയില്‍ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ വാക്സിനേഷന്‍ പരിപാടികളുമായി തങ്ങള്‍ പൂര്‍ണതോതില്‍ സഹകരിക്കുമെന്നും അവര്‍ പറഞ്ഞു. ആയുര്‍വേദ വകുപ്പിന്‍െറ എല്ലാ പിന്തുണയും ഡിഫ്തീരിയക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാകുമെന്ന് ആയുര്‍വേദ വകുപ്പിനെ പ്രതിനിധാനം ചെയ്ത് ഡോ. ജയശ്രീ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.എല്‍. സരിത ഡിഫ്തീരിയയുടെ വ്യാപനത്തെ കുറിച്ച് യോഗത്തില്‍ സംസാരിച്ചു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി. സുനില്‍ കുമാര്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍ ഇതിനോടകം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി അറിയിച്ചു. വാക്സിന്‍ പൂര്‍ണമായും നല്‍കാത്തവരുടെയും ഭാഗികമായി നല്‍കിയവരുടെയും വിവരങ്ങളുമായാണ് പല പഞ്ചായത്ത് പ്രതിനിധികളും യോഗത്തിന് എത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പാറശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ തലങ്ങളിലെ ജനപ്രതിനിധികള്‍, അലോപ്പതി-ആയുര്‍വേദ-ഹോമിയോ ഡി.എം.ഒമാര്‍, നോഡല്‍ ഓഫിസര്‍മാര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു. യോഗത്തിലെ പ്രധാന നിര്‍ദേശങ്ങള്‍: 1. ജൂലൈ 20നകം പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും ഡിഫ്തീരിയ നിര്‍മാര്‍ജന കമ്മിറ്റികള്‍ രൂപവത്കരിക്കണം 2. ഒരാഴ്ചക്കുള്ളില്‍ പഞ്ചായത്തുകളിലെ മുഴുവന്‍ സ്കൂളിലും പി.ടി.എ യോഗങ്ങള്‍ വിളിക്കുക 3. സ്കൂളുകളില്‍ ബോധവത്കരണ ക്ളാസുകള്‍ സംഘടിപ്പിക്കുക 4. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വാക്സിന്‍ എടുക്കാത്തവരുടെ വ്യക്തമായ കണക്കെടുക്കുക 5. രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വ്യാപനം തടയുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.