പുതിയ റേഷന്‍ കാര്‍ഡ്: വീണ്ടും വിവരങ്ങള്‍ നല്‍കണമെന്ന് സിവില്‍ സപൈ്ളസ് വകുപ്പ്

കൊടുവള്ളി: പുതിയ റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്തല്‍ നടപടികളുടെ പേരില്‍ സിവില്‍ സപൈ്ളസ് വകുപ്പ് വീണ്ടും കാര്‍ഡുടമകളെ ദുരിതത്തിലാക്കുന്നു. അവസാനമായി ജൂലൈ 15നുമുമ്പ് കാര്‍ഡുടമയുടെ പേര്, നിലവിലെ റേഷന്‍ കാര്‍ഡ് നമ്പര്‍, റേഷന്‍ കട നമ്പര്‍, കാര്‍ഡില്‍ ഉള്‍പ്പെട്ടവരുടെ പേരും ആധാര്‍ നമ്പറും എന്നിവ ബന്ധപ്പെട്ട റേഷന്‍ കടകളില്‍ ഏല്‍പിക്കണമെന്നാണ് സിവില്‍ സപൈ്ളസ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഒന്നര വര്‍ഷത്തിനിടയില്‍ ഇത് നാലാം തവണയാണ് പുതിയ കാര്‍ഡ് ലഭിക്കാന്‍ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടിവരുന്നത്. 2015 ജനുവരിയില്‍ പുതിയ റേഷന്‍ കാര്‍ഡിന് നല്‍കിയ അപേക്ഷാഫോറത്തില്‍ എല്ലാ വിവരങ്ങളും കാര്‍ഡുടമകള്‍ എഴുതി സമര്‍പ്പിച്ചതായിരുന്നു. തുടര്‍ന്ന് റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് പരിശോധന നടത്തി ഗൃഹനാഥയുടെ ഫോട്ടോ എടുക്കുകയും ചെയ്തു. പിന്നീട് കരട് റേഷന്‍ കാര്‍ഡ് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും കാര്‍ഡുടമകള്‍ അക്ഷയ കേന്ദ്രങ്ങളില്‍ പോയി പണം മുടക്കി തെറ്റുകള്‍ തിരുത്തിനല്‍കുകയും ചെയ്തു. ഇതിനു പുറമെ കാര്‍ഡിന്‍െറ കരട് പകര്‍പ്പ് റേഷന്‍ കടകള്‍ വഴി കാര്‍ഡുടമകള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. അതും കാര്‍ഡുടമകള്‍ പരിശോധിച്ചു. അധാര്‍ കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടുത്തി റേഷന്‍ കടകള്‍ വഴി അധികൃതര്‍ക്ക് സമര്‍പ്പിച്ചു. പുതിയ കാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷയോടെ കഴിയുമ്പോഴാണ് തങ്ങള്‍ മുമ്പ് മൂന്നു തവണ നല്‍കിയ വിവരങ്ങള്‍ ഒരിക്കല്‍ക്കൂടി എഴുതി റേഷന്‍ കടകളില്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശം വന്നിരിക്കുന്നത്. ഈ വിവരം നിരവധി കാര്‍ഡുടമകള്‍ അറിഞ്ഞിട്ടുപോലുമില്ല. പ്രസ്തുത നിര്‍ദേശം റേഷന്‍ കടകളിലെ നോട്ടീസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നിലവിലെ റേഷന്‍ കാര്‍ഡ് 2009 ജനുവരി മുതല്‍ തുടങ്ങി 2012 ഡിസംബറോടെ കാലാവധി അവസാനിച്ചതാണ്. 2014ല്‍ പുതിയ കാര്‍ഡ് നല്‍കുന്നതിനു പകരം 2013 ജനുവരി മുതല്‍ 2015 ഡിസംബര്‍ വരെ രണ്ടു വര്‍ഷത്തേക്ക് നിലവിലെ കാര്‍ഡില്‍ അഡീഷനല്‍ ഷീറ്റ് നല്‍കുകയായിരുന്നു. ഇപ്പോള്‍ ഏഴു മാസമായി റേഷന്‍ കടക്കാര്‍ പഴയ കാര്‍ഡിലെ പേജുകളില്‍, വാങ്ങുന്ന റേഷന്‍ സാധനങ്ങളുടെ തൂക്കവും തീയതിയും കുറിച്ചുനല്‍കുകയാണ് ചെയ്തുവരുന്നത്.പുതിയ റേഷന്‍ കാര്‍ഡിനായി പ്രതീക്ഷിച്ചിരിക്കുന്ന വേളയില്‍ വീണ്ടും വിവരങ്ങള്‍ നല്‍കാനുള്ള നിര്‍ദേശം വന്നതോടെ കാര്‍ഡ് ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.