മാവൂരില്‍ നാലുപേര്‍ക്ക് ഡിഫ്തീരിയ ലക്ഷണം; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

മാവൂര്‍: ഡിഫ്തീരിയ ലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ എണ്ണം നാലായതോടെ മാവൂരില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തീരുമാനം. ചെറുപ്പ ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്‍.എല്‍. സരിതയുടെയും ഗ്രാമ പഞ്ചായത്ത് ഓഫിസില്‍ പ്രസിഡന്‍റ് സി. മുനീറത്തിന്‍െറയും അധ്യക്ഷതയില്‍ വെവ്വേറെ ചേര്‍ന്ന യോഗങ്ങളിലാണ് തിരുമാനം. ഡിഫ്തീരിയ സംശയിക്കുന്നവരുടെ എണ്ണം പഞ്ചായത്ത് പരിധിയില്‍ കൂടിയ സാഹചര്യത്തിലാണ് അടിയന്തര യോഗങ്ങള്‍ വിളിച്ചുചേര്‍ത്തത്. കണ്ണിപറമ്പ്, ചെറൂപ്പ, മാവൂര്‍ ഭാഗങ്ങളില്‍നിന്നുള്ളവരാണ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയത്. എന്നാല്‍, ഇതുവരെ ഇവരില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ആദ്യ കേസ് രണ്ടാഴ്ച മുമ്പും നാലാമത്തേത് ബുധനാഴ്ചയുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സ തേടിയവര്‍ക്ക് വിദഗ്ധ പരിശോധനകള്‍ നടത്തുന്നതോടൊപ്പം ഡിഫ്തീരിയക്കുള്ള മരുന്നുകളും നല്‍കുന്നുണ്ട്. പഞ്ചായത്തില്‍ പ്രതിരോധ കുത്തിവെപ്പും വ്യാപക ബോധവത്കരണവും നടത്താനാണ് തീരുമാനം. ആരോഗ്യ വകുപ്പും പഞ്ചായത്തും സംയുക്തമായാണ് കാമ്പയിന്‍ നടത്തുക. വാര്‍ഡുകള്‍ തോറും പ്രത്യേക സ്ക്വാഡുകള്‍ രൂപവത്കരിച്ച് പരിപാടികള്‍ സംഘടിപ്പിക്കും. ചെറൂപ്പ ആശുപത്രിയില്‍ ഡിഫ്തീരിയ പ്രതിരോധ വാക്സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് എല്ലാ ദിവസവും കുട്ടികള്‍ക്ക് ബുധനാഴ്ച തോറും കുത്തിവെപ്പെടുക്കാന്‍ സൗകര്യമേര്‍പ്പെടുത്തി. ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.എം.ഒക്ക് പുറമെ ആര്‍.സി.എച്ച് ഓഫിസര്‍ സരള, അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ വി.കെ. ജയദേവ്, ജെ.എച്ച്.ഐ ഇ. രഞ്ജിത് എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്‍റ് വളപ്പില്‍ റസാഖ്, ചെറൂപ്പ ഹെല്‍ത് യൂനിറ്റ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ വി.കെ. ജയദേവ്, ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ. കവിതാബായ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഉസ്മാന്‍, ഹോമിയോ ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.