മുഖംമൂടി സംഘം പണം തട്ടിയ സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

കോഴിക്കോട്: മുഖംമൂടി സംഘം വ്യാപാരിയെയും മകനെയും ആക്രമിച്ച് അരലക്ഷം രൂപയടങ്ങിയ ബാഗ് കവര്‍ന്ന സംഭവം പ്രത്യേക സംഘം അന്വേഷിക്കും. മോഷണ സംഘത്തിലെ ഒരാളുടെ രേഖാചിത്രം തയാറാക്കുന്നതുള്‍പ്പെടെയുള്ള വിശദമായ അന്വേഷണവുമായി നോര്‍ത് അസി. കമീഷണര്‍ കെ. അഷ്റഫിന്‍െറ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം. മെഡിക്കല്‍ കോളജ് സി.ഐ ജലീല്‍ തോട്ടത്തില്‍, കോസ്റ്റല്‍ സി.ഐ ടി.കെ. അഷ്റഫ്, സിറ്റി ഷാഡോ പൊലീസ് എന്നിവരടങ്ങുന്ന 20 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. കേസന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് നേരത്തേ നടന്ന സമാന സംഭവങ്ങളിലെ പ്രതികളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. പ്രതികളെ കുറിച്ച് സൂചന ലഭിച്ച അന്വേഷണ സംഘം മെഡിക്കല്‍ കോളജ്, ചേവായൂര്‍, സിറ്റി പരിസരത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിക്കാനും തീരുമാനിച്ചു. മൂന്ന് പേരടങ്ങുന്ന സംഘമാണ് കൊള്ളയില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം രാത്രി കോവൂര്‍ ഗ്രാന്‍ഡ് ബസാര്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഷൗക്കത്തലിയും മകനും കടയടച്ച വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇവര്‍ക്ക് മുന്നിലേക്ക് കത്തിയുമായി ഒരാള്‍ ചാടി വീഴുകയായിരുന്നു. ഷൗക്കത്തലിയുടെ കൈയില്‍ നിന്നും പണമടങ്ങിയ ബാഗ് കൈക്കലാക്കിയ പ്രതി റോഡരികില്‍ കാത്തുനില്‍ക്കുകയായിരുന്ന മറ്റ് രണ്ട് പേര്‍ക്കൊപ്പം ബൈക്കില്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ ഷൗക്കത്തലിയുടെ കൈക്ക് മുറിവേറ്റു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.