വടകര: അഡീഷനല്‍ വിഷയത്തിലെ മാര്‍ക്ക് പരിഗണിക്കുന്നതുമൂലം വിദ്യാര്‍ഥികളുടെ ബിരുദപ്രവേശത്തിന് തിരിച്ചടി. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ വിജയിച്ചവര്‍ക്കാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദപ്രവേശത്തിന് പ്രയാസമുണ്ടാകുന്നത്. ഓണ്‍ലൈനായി അപേക്ഷിച്ച വിദ്യാര്‍ഥികളുടെ മാര്‍ക്ലിസ്റ്റ് സര്‍വകലാശാല പരിശോധിക്കും. അപ്പോള്‍ അഡീഷനലായി പഠിച്ച വിഷയത്തിന്‍െറയും മാര്‍ക്ക് ഇതിനായി പരിഗണിക്കുന്നു. വി.എച്ച്.എസ്.സിക്ക് അഡീഷനല്‍ വിഷയം നിര്‍ബന്ധമല്ല. താല്‍പര്യമുള്ളവര്‍ മാത്രം പരീക്ഷ എഴുതിയാല്‍ മതി. നിര്‍ബന്ധമില്ലാത്തതിനാല്‍ പലരും ആദ്യവര്‍ഷം മാത്രമാണ് അഡീഷനല്‍ വിഷയത്തില്‍ പരീക്ഷ എഴുതിയത്. ഇതിനുമാത്രമായി വേറെ മാര്‍ക്ക് ലിസ്റ്റാണ് പരീക്ഷാബോര്‍ഡ് നല്‍കുന്നത്. എന്നാല്‍, വി.എച്ച്.എസ്.ഇയുടെ ജയപരാജയങ്ങള്‍ക്ക് ബാധകമാവാത്ത അഡീഷനല്‍ വിഷയത്തിലെ മാര്‍ക്ക് ബിരുദ പ്രവേശത്തിന് സര്‍വകലാശാല പരിഗണിക്കുന്നതാണ് വെല്ലുവിളിയാവുന്നത്. ചില വിദ്യാര്‍ഥികള്‍ക്ക് അഡീഷനല്‍ വിഷയത്തിലെ മാര്‍ക്ക് സര്‍വകലാശാലയുടെ കണക്കില്‍ മൊത്തം ശതമാനം വര്‍ധിക്കാന്‍ കാരണമാകുന്നു. നിര്‍ബന്ധമില്ലാത്തതിനാല്‍ അഡീഷനല്‍ വിഷയം പഠിക്കാത്തവര്‍ക്ക് ശതമാനം കുറയുകയും ചെയ്യുന്നു. നടക്കാവ് ഗവ. വി.എച്ച്.എസ്.ഇയിലെ എം.എം. ആമിന ഹുദ എന്ന വിദ്യാര്‍ഥിനിക്ക് പൊതുപരീക്ഷയില്‍ 88ശതമാനം മാര്‍ക്കുണ്ടായിരുന്നു. ഹുദ അഡീഷനല്‍ വിഷയം ആദ്യവര്‍ഷത്തില്‍ മാത്രമാണ് പഠിച്ചത്. ഇതിനാല്‍ ഈ മാര്‍ക്കുകൂടി പരിഗണിച്ചതോടെ ശതമാനം 81ആയി കുറഞ്ഞു. ഭൂരിഭാഗം ആളുകളും അഡീഷനല്‍ വിഷയം ആദ്യവര്‍ഷം മാത്രം പഠിച്ചവരാണ്. ചിലര്‍ മാത്രമാണ് രണ്ടാംവര്‍ഷവും ഇതുതുടരുന്നത്. ആദ്യവര്‍ഷം മാത്രം പഠിച്ചവര്‍ക്ക് സര്‍വകലാശാല കണക്കില്‍ മൊത്തം മാര്‍ക്ക് ശതമാനം കുറയുകയും മറ്റുള്ളവര്‍ക്ക് കൂടുകയും ചെയ്യുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ഉപരിപഠനത്തിന് നേരിടുന്ന പ്രയാസം ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ വിദ്യാഭ്യാസമന്ത്രി, വി.എച്ച്.എസ്.ഇ ഡയറക്ടര്‍, സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.