കോഴിക്കോട്: 100 മീറ്ററിനുള്ളില്‍ മൂന്നു മദ്യവില്‍പന ശാലകള്‍ പ്രവര്‍ത്തിക്കുന്ന പാവമണി റോഡില്‍ വ്യാപാരികള്‍ നിലനില്‍പുഭീഷണിയില്‍. പല കടകളും അടച്ചുപൂട്ടല്‍ ഭീഷണിയിലായി. മദ്യഷോപ് തുറന്നതോടെ വര്‍ധിച്ച സാമൂഹിക വിരുദ്ധ ശല്യവും ക്രമസമാധാനപ്രശ്നവുമാണ് കടയുടമകളെ പ്രതിസന്ധിയിലാക്കിയത്. ഇതുസംബന്ധിച്ച് വ്യാപാരികള്‍ എക്സൈസ് മന്ത്രി, ജില്ലാ പൊലീസ് മേധാവി, ജില്ലാ കലക്ടര്‍, എം.എല്‍.എ എന്നിവര്‍ക്ക് പരാതിയും നല്‍കി. ജൂണ്‍ 22നാണ് പാവമണി റോഡില്‍ മൂന്നാമത്തെ മദ്യഷോപ് പ്രവര്‍ത്തനം ആരംഭിച്ചത്. പാവമണി റോഡ് മദ്യനഗരിയായ വാര്‍ത്ത ജൂണ്‍ 30ന് ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. എരഞ്ഞിപ്പാലം ബൈപാസില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യഷോപ് കെട്ടിട ഉടമയുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് പാവമണി റോഡിലേക്ക് മാറ്റിയത്. നേരത്തേ പാവമണി റോഡില്‍ ഒരേ കെട്ടിടത്തില്‍ ബിവറേജ് കോര്‍പറേഷന്‍െറയും കണ്‍സ്യൂമര്‍ ഫെഡിന്‍െറയും ഓരോ മദ്യ വില്‍പന ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുതന്നെ നിരവധി സാമൂഹിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യം നിലനില്‍ക്കെയാണ് മൂന്നാമതൊരു ഷോപ്പ് കൂടി ഇവിടെ സ്ഥാപിക്കുന്നത്. പള്ളി, ക്ഷേത്രം, ആശുപത്രികള്‍, വീടുകള്‍ എന്നിവക്ക് അധികം അകലെയല്ലാതെയാണ് വില്‍പന ശാല തുടങ്ങിയത്. ഹോട്ടല്‍ എന്ന വ്യാജേനയായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നതിനാല്‍ നീക്കം ആരുടെയും ശ്രദ്ധയില്‍പെട്ടില്ല. മദ്യവില്‍പന ശാല പ്രവര്‍ത്തിക്കുന്ന ആനന്ദ് ബില്‍ഡിങ്ങില്‍ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യോഗ പരിശീലന കേന്ദ്രം, അലൂമിനിയം ഫാബ്രിക്കേഷന്‍ കട, എന്‍ജിനീയേഴ്സ് കണ്‍സല്‍ട്ടന്‍സി തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്. ബിവറേജ് ഷോപ് വന്നതോടെ സ്ത്രീകളും പെണ്‍കുട്ടികളും അടക്കമുള്ളവര്‍ ഇതുവഴി വരാന്‍ മടിക്കുകയാണ്. നിലവില്‍ ഇവിടത്തെ ക്ളാസുകളില്‍ പരിശീലനം നേടിയിരുന്ന പലരും ഇപ്പോള്‍ വിട്ടുപോയി. മദ്യഷോപ് വന്നതോടെ ബിസിനസില്‍ 60 ശതമാനത്തോളം കുറവാണ് ഉണ്ടായതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈയിടെ നടത്തിയ കട അറ്റകുറ്റപ്പണികള്‍ അടക്കം വൃഥാവിലാകുന്ന അവസ്ഥയിലാണ് ഇവര്‍. പാവമണി റോഡില്‍നിന്ന് ഒന്നരയടി മാത്രം വീതിയുള്ള ഇടുങ്ങിയതും ഇരുള്‍ നിറഞ്ഞതുമായ വഴിയിലൂടെ 75 അടിയോളം നടന്നാണ് മദ്യം വാങ്ങുന്നത്. ആശുപത്രിയുടെ കവാടത്തിലേക്കാണ് കൗണ്ടറില്‍നിന്ന് ഇറങ്ങുന്ന മദ്യപര്‍ എത്തുന്നത്. ചെസ്റ്റ് ആശുപത്രി, മാനസികാരോഗ്യകേന്ദ്രം എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പലരും വഴിയില്‍വെച്ചും കെട്ടിടത്തിന്‍െറ കോണിപ്പടിയില്‍ ഇരുന്നും മറ്റുമാണ് മദ്യപിക്കുന്നത്. കഴിഞ്ഞ ദിവസം മദ്യപന്‍ ഓടിച്ച ഗുഡ്സ് ഓട്ടോ ഇടിച്ച് ഹോട്ടലിന്‍െറ ബോര്‍ഡും നിര്‍ത്തിയിട്ട കാറിന്‍െറ ഗ്ളാസും തയ്യല്‍കടയുടെ ഭാഗവും തകര്‍ന്നിരുന്നു. പൊലീസില്‍ പരാതി നല്‍കി കേസെടുത്തെങ്കിലും കുറ്റവാളിയെ ഇതുവരെ പിടികൂടിയിട്ടില്ല. മയക്കുമരുന്ന് ഉപയോക്താക്കളുടെയും സങ്കേതമാണ് മേഖല. കൂട്ടായ്മ രൂപവത്കരിച്ച് മുഴുവന്‍ വ്യാപാരികളെയും നാട്ടുകാരെയും സംഘടിപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് വ്യാപാരികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.