ഡിഫ്തീരിയയും മഞ്ഞപ്പിത്തവും; നല്ലളത്തുകാര്‍ ഭീതിയില്‍

ഫറോക്ക്: നല്ലളം കിഴവനപ്പാടത്ത് ഏഴാം ക്ളാസുകാരനുകൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചതോടെ മേഖലയിലെ ജനങ്ങള്‍ ഭീതിയിലായി. മൂന്നുമാസത്തിനിടെ വ്യാപകമായ തോതില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചിരുന്നു. ഇതിന്‍െറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതപ്പെടുത്തുന്നതിനിടയിലാണ് ചെവ്വാഴ്ച നല്ലളം ജയന്തി റോഡിനു സമീപമുള്ള 12 വയസ്സുകാരന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്ത ബാധിത മേഖലയായ ഇവിടെ കൊളത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐ ടി. അലിയുടെ നേതൃത്വത്തിലുള്ള സംഘം ബോധവത്കരണവും പ്രതിരോധ നടപടികളും ഊര്‍ജിതമാക്കിയിരുന്നു. പനിയും മറ്റു രോഗലക്ഷണങ്ങളും കണ്ടാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സമീപിക്കണമെന്ന നിര്‍ദേശവും അധികൃതര്‍ നാട്ടുകാര്‍ക്ക് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കഴിഞ്ഞ അഞ്ചിന് പനിയെ തുടര്‍ന്ന് ഏഴാം ക്ളാസുകാരനെ കൊളത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുവന്നത്. പിന്നീട് പനിക്കൊപ്പം തൊണ്ടവേദനകൂടി അനുഭവപ്പെട്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെനിന്നാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. മേഖലയില്‍ അഞ്ചു വയസ്സിനു താഴെ 81 കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ല എന്ന റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. മഞ്ഞപ്പിത്ത ബാധിച്ച മേഖലയില്‍ ഡിഫ്തീരിയകൂടി സ്ഥിരീകരിച്ചതാണ് നാട്ടുകാരെ ഭയപ്പെടുത്തുന്നത്. ആശങ്കയകറ്റാന്‍ അരോഗ്യ വകുപ്പ് അധികൃതര്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.