യു.എ. ഖാദര്‍ വായനക്കാരെ കൂടെനിര്‍ത്തിയ എഴുത്തുകാരന്‍ –എം.ടി

കോഴിക്കോട്: വായനക്കാരെ കൂടെ നിര്‍ത്തിയ എഴുത്തുകാരനാണ് യു.എ. ഖാദറെന്ന് എം.ടി. വാസുദേവന്‍ നായര്‍. ഹരിതം ബുക്സ് സംഘടിപ്പിച്ച ‘ദേശപ്പശിമ: യു.എ. ഖാദറിന്‍െറ സാഹിത്യ ജീവിതം’ ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 66 വര്‍ഷം സാഹിത്യത്തില്‍ നിലനിന്ന എഴുത്തുകാരനാണ് യു.എ. ഖാദര്‍. സ്വന്തം ദേശത്തിലൂടെയും ജനങ്ങളുടെ ജീവിതരീതികളിലൂടെയും ചരിത്രങ്ങളിലൂടെയും കടന്നുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു. വായനക്കാര്‍ എന്നും അദ്ദേഹത്തിന്‍െറ കൂടെ നില്‍ക്കുന്നു. അത് ഒരു കലാകാരന് വലിയ ഊര്‍ജമാണ്. അദ്ദേഹത്തിന് ഇനിയും ഒരുപാട് രചനകള്‍ കൊണ്ടുവരാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. നടന്‍ മാമുക്കോയ മുഖ്യ പ്രഭാഷണം നടത്തി. യു.എ. ഖാദറുമായുള്ള തന്‍െറ പഴയകാല ഓര്‍മകള്‍ അദ്ദേഹം പങ്കുവെച്ചു. സമാപന സമ്മേളനത്തില്‍ ശത്രുഘ്നന്‍, പി.കെ. പാറക്കടവ്, പ്രതാപന്‍ തായാട്ട്, കെ.വി. സുഭാഷ് എന്നിവര്‍ സംസാരിച്ചു. ശനിയാഴ്ച തുടങ്ങിയ സാഹിത്യ മാമാങ്കത്തില്‍ ഖാദര്‍ സാഹിത്യത്തെക്കുറിച്ചുള്ള പഠനങ്ങള്‍, ചിത്രകലയെക്കുറിച്ചുള്ള ചര്‍ച്ചകള്‍, പുസ്തകപ്രകാശനം, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍ , പുസ്തകോത്സവം തുടങ്ങിയവ സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. യു.എ. ഖാദറിന്‍െറ സാഹിത്യജീവിതത്തെക്കുറിച്ച് ഹരിതം ബുക്സ് പുറത്തിറക്കുന്ന പഠനഗ്രന്ഥം എം. മുകുന്ദന് നല്‍കി മന്ത്രി എ.കെ. ശശീന്ദ്രന്‍ ശനിയാഴ്ച പ്രകാശനം ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.