ഡി.ജി.പി നിര്‍ദേശം മറികടന്ന് വാഹന പരിശോധന

കോഴിക്കോട്: ഡി.ജി.പിയുടെ കര്‍ശന നിര്‍ദേശം മറികടന്ന് പൊലീസ് നടത്തുന്ന വാഹന പരിശോധന യാത്രക്കാര്‍ക്ക് പീഡനമാകുന്നു. അപകടത്തില്‍പെടുന്ന പൊതുജനങ്ങളെ രക്ഷിക്കുകയും റോഡപകടങ്ങള്‍ ഉണ്ടാകാതെ നോക്കുകയുമാണ് ഹൈവേ പൊലീസിന്‍െറ പ്രധാന ചുമതലയെങ്കില്‍ വളവുകളിലും തിരക്കൊഴിഞ്ഞ ഇടങ്ങളിലും മറഞ്ഞുനിന്ന് വാഹനം പരിശോധിച്ച് പിഴ ഈടാക്കുന്നതിലാണ് ഇവര്‍ക്ക് താല്‍പര്യം. ഡി.ജി.പി കാലാകാലങ്ങളില്‍ ഇറക്കുന്ന ഉത്തരവിനെക്കുറിച്ച് ഒരറിവുമില്ലാതെ യാത്രക്കാരോട് തട്ടിക്കയറുന്ന പ്രവണതയും വര്‍ധിച്ചു. ഡ്രൈവിങ് ലൈസന്‍സടക്കം രേഖകളുടെ ഒറിജിനല്‍ കൈവശമില്ളെങ്കില്‍ ഗെസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പി പരിശോധന ഉദ്യോഗസ്ഥനെ കാണിച്ചാല്‍ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടാല്‍ അടുത്ത പൊലീസ് സ്റ്റേഷനില്‍ ഒറിജിനല്‍ കാണിക്കുകയോ അറ്റസ്റ്റഡ് കോപ്പി 15 ദിവസത്തിനകം തപാലില്‍ അയക്കുകയോ ചെയ്താല്‍ മതിയെന്നും 1989ലെ റോഡ് റെഗുലേഷന്‍സ് ആക്ടില്‍ പറയുന്നു. ഇതനുസരിച്ച് ഡി.ജി.പി എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും നേരത്തേ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ഒറിജിനല്‍ രേഖകള്‍ക്ക് പകരം അറ്റസ്റ്റഡ് രേഖകള്‍ ഹാജരാക്കിയാല്‍ യാത്രക്കാരനെതിരെ നടപടി സ്വീകരിക്കരുതെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നപക്ഷം ഒറിജിനല്‍ രേഖകള്‍ യാത്രക്കാരന്‍െറ താമസ സ്ഥലത്തിനടുത്ത പൊലീസ് സ്റ്റേഷനില്‍ കാണിച്ചാല്‍ മതിയെന്നും ഡി.ജി.പിയുടെ സര്‍ക്കുലറിലുണ്ട്. വളവുകളിലും മറ്റും ഒളിഞ്ഞുനില്‍ക്കാതെ, ഹൈവേ പട്രോള്‍ സംഘം ആള്‍ത്തിരക്കുള്ള സ്ഥലങ്ങളില്‍ ഡ്യൂട്ടി ചെയ്യണമെന്ന് ഡി.ജി.പിയുടെ 7/2009 നമ്പര്‍ സര്‍ക്കുലറില്‍ പറയുന്നു. വാഹനങ്ങളുടെ റെക്കോഡ് പരിശോധിക്കുക എന്നതല്ല, തെറ്റായ ഡ്രൈവിങ് കണ്ടുപിടിക്കുകയാണ് വാഹനം പരിശോധിക്കുന്നതിന്‍െറ ഉദ്ദേശ്യമെന്നും അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നവരെ കണ്ടുപിടിച്ച് നടപടി സ്വീകരിക്കുകയാണ് പ്രധാന ചുമതലയെന്നും ഇതേ സര്‍ക്കുലറില്‍ പറയുന്നു. വാഹന പരിശോധന നടത്തുമ്പോള്‍ ചാര്‍ജുള്ള ഓഫിസര്‍ ഒരു വാഹന ഡ്രൈവറെയും പൊലീസ് വാഹനത്തിന്‍െറ അടുത്തേക്ക് വിളിച്ചുവരുത്തരുതെന്നും ഡ്രൈവറുടെ അടുത്തേക്ക് ചെന്ന് കുറ്റകൃത്യം ബോധ്യപ്പെടുത്തണമെന്നും സര്‍ക്കുലറിലുണ്ട്. വാഹനം ഓടിക്കുന്നവരോട് മാന്യമായി പെരുമാറണമെന്ന് ഡി.ജി.പിയുടെ 10/09 നമ്പര്‍ സര്‍ക്കുലറില്‍ പറയുന്നു. കുറ്റം ചെയ്തെന്ന് കണ്ടാലും ഡ്രൈവറെ സര്‍ എന്നോ മാഡം എന്നോ സുഹൃത്തേ എന്നോ അഭിസംബോധന ചെയ്യണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. എന്നാല്‍, ഈ നിര്‍ദേശങ്ങളൊന്നും പാലിക്കാതെ യാത്രക്കാരോട് തട്ടിക്കയറുകയാണ് പലപ്പോഴും പൊലീസ് സംഘം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.