22ാം ചരമവാര്‍ഷികത്തില്‍ ബഷീറിന് കോഴിക്കോട്ട് സ്മാരകം

കോഴിക്കോട്: വിശ്വ സാഹിത്യകാരന് അര്‍ഹിക്കുന്ന സ്മാരകത്തിന് സര്‍ക്കാര്‍ പ്രഖ്യാപനം. ഏറെ വര്‍ഷങ്ങളുടെ ആവശ്യങ്ങള്‍ക്ക് ശേഷമാണ് മലയാളികളുടെ പ്രിയ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന് കോഴിക്കോട്ട് സ്മാരകത്തിന് വഴിയൊരുങ്ങുന്നത്. സ്ഥലം, കൃത്യമായ രൂപരേഖ എന്നിവ ആയിട്ടില്ളെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് മകന്‍ അനീസ് ബഷീര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. രണ്ടു തവണ നിലച്ചുപോയ പദ്ധതിയാണ് കോഴിക്കോട്ടുകാരുടെ സ്നേഹനിര്‍ബന്ധത്തില്‍ വീണ്ടും ജീവന്‍ വെക്കുന്നത്. ഒരു തവണ ബേപ്പൂരിലും മറ്റൊരിക്കല്‍ സരോവരം ബയോപാര്‍ക്കിന് സമീപവുമാണ് സ്മാരകത്തിന് നീക്കം നടന്നിരുന്നത്. സരോവരത്തെ നിര്‍മാണത്തിന് കെ.വി. മോഹന്‍കുമാറിനെ സ്പെഷല്‍ ഓഫിസറായി വരെ നിയമിച്ചിരുന്നു. എന്നാല്‍, സാങ്കേതികക്കുരുക്കുകളില്‍ പദ്ധതി വഴിമുട്ടുകയായിരുന്നു. വെറും സ്മാരകം എന്നതിലപ്പുറം സാംസ്കാരിക സമുച്ചയം എന്ന നിലയിലാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 14 ജില്ലകളിലും ഓരോ സാംസ്കാരിക നവോത്ഥാന നായകരുടെ പേരിലാണ് സാംസ്കാരിക സമുച്ചയം ഉയരുക. കേരള നവോത്ഥാന സാംസ്കാരിക സമുച്ചയം എന്ന നിലയിലാണ് ബജറ്റില്‍ ഇതിനെ അവതരിപ്പിക്കുന്നത്. നാടകശാല, സിനിമാ തിയറ്റര്‍, സംഗീതശാല, ഗാലറി, പുസ്തകക്കടകള്‍, ചര്‍ച്ചകള്‍ക്കും മറ്റുമുള്ള സെമിനാര്‍ ഹാള്‍, ശില്‍പികള്‍ക്കും മറ്റുമുള്ള പണിശാലകള്‍, നാടക റിഹേഴ്സല്‍ സൗകര്യം, കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും ഹ്രസ്വകാലത്തേക്കുള്ള താമസ സൗകര്യങ്ങള്‍ എന്നിവ അടങ്ങുന്നതാവും സാംസ്കാരിക സമുച്ചയം. 40 കോടി രൂപയാണ് ഓരോ സമുച്ചയത്തിനും ചെലവ് പ്രതീക്ഷിക്കുന്നത്. നടപ്പുവര്‍ഷം പ്രതീക്ഷിക്കുന്ന നൂറുകോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്ന് കണ്ടത്തെുമെന്നും ബജറ്റില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.