കനോലി കനാല്‍: ജലപാതക്കും ലൈറ്റ് മെട്രോക്കും വീണ്ടും ചിറകുമുളക്കുന്നു

കോഴിക്കോട്: ഏറെ നാളത്തെ കോഴിക്കോടിന്‍െറ ആഗ്രഹങ്ങളായ കനോലി കനാലിലെ ജലപാതക്കും ലൈറ്റ് മെട്രോക്കും ബജറ്റ് പ്രഖ്യാപനത്തോടെ വീണ്ടും ചിറകുമുളക്കുന്നു. കോസ്റ്റല്‍ ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പിന് അനുവദിച്ച 125 കോടിയില്‍നിന്നാണ് കനോലി കനാലിന് തുക ലഭിക്കുക. സര്‍ക്കാര്‍ 20 കോടി അനുവദിച്ച കോട്ടപ്പുറം- നീലേശ്വരം ജലപാതയുടെ ഭാഗമാണ് കനോലി കനാല്‍. കോട്ടപ്പുറം മുതല്‍ കോഴിക്കോട് വരെയുള്ള ഭാഗം ദേശീയ ജലപാതയിലും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, ദേശീയ ജലപാതക്ക് വേണ്ടത് 32 മീറ്റര്‍ വീതിയും സംസ്ഥാന പാതക്ക് 14 മീറ്റര്‍ വീതിയുമാണ്. കനോലി കനാലിന്‍െറ ശരാശരി വീതി ആറ് മുതല്‍ 25 മീറ്ററാണ്. അതേപോലെ കനാലിലെ 22ലധികം പാലങ്ങളുടെ ഉയരവും പ്രശ്നമാണ്. ഏഴ് മീറ്റര്‍ ഉയരത്തിലേ പാലം പാടുള്ളൂവെങ്കിലും പലതും മൂന്ന് മുതല്‍ എട്ട് മീറ്റര്‍ വരെ ഉയരത്തിലാണ്. ഈ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്നത് പദ്ധതി നടപ്പാക്കുന്നതില്‍ കടമ്പയായി നിലനില്‍ക്കും. ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ചും ഇതേ ആശങ്ക നിലനില്‍ക്കുന്നുണ്ട്. നേരത്തേ മോണോറെയില്‍ ആയിരുന്ന പദ്ധതി സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് ലൈറ്റ് മെട്രോ ആക്കി അവതരിപ്പിച്ചത്. ഡി.എം.ആര്‍.സിയുമായി സംസ്ഥാന സര്‍ക്കാര്‍ താല്‍ക്കാലിക കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പിട്ടതോടെ പദ്ധതിക്ക് വീണ്ടും ജീവന്‍വെച്ചിരുന്നെങ്കിലും അനിശ്ചിതത്വം തുടരുകയായിരുന്നു. കൊച്ചി മെട്രോ, വിഴിഞ്ഞം ഹാര്‍ബര്‍, കണ്ണൂര്‍ വിമാനത്താവളം, കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ, ഹില്‍ ഹൈവേ, മൊബിലിറ്റി ഹബ്ബ്, സബര്‍ബന്‍ റെയില്‍ കോറിഡോര്‍, വന്‍കിട പാര്‍ക്കുകള്‍ എന്നിവക്കെല്ലാമായി 2536 കോടിയാണ് അനുവദിച്ചത്. ബജറ്റില്‍ ഉള്‍പ്പെട്ടതോടെ പദ്ധതിക്ക് വേണ്ടിയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ സജീവമാകുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.