അപകടമരണങ്ങളില്‍ കണ്ണീരുണങ്ങാതെ കൊടിയത്തൂര്‍ നിവാസികള്‍

മുക്കം: വാഹനാപകടങ്ങള്‍മൂലമുണ്ടാകുന്ന ദുരന്തങ്ങളില്‍ കണ്ണീരുണങ്ങാതെ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് നിവാസികള്‍. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ പഞ്ചായത്തിലെ വിവിധഭാഗങ്ങളിലുള്ള എട്ടുപേര്‍ക്കാണ് റോഡില്‍ ജീവന്‍ നഷ്ടമായത്. തുടര്‍ച്ചയായി നാട് ഏറ്റുവാങ്ങുന്ന ദുരന്തങ്ങളില്‍ ഏറ്റവും ഒടുവിലത്തേതായിരുന്നു കഴിഞ്ഞ ശനിയാഴ്ച മുക്കം അഗസ്ത്യന്‍മുഴിയില്‍ ബൈക്കില്‍ ബസ് തട്ടി കൊടിയത്തൂര്‍ താളത്തില്‍ കോട്ടമ്മല്‍ ഇസ്മായിലിന്‍െറ മകന്‍ ഫൈസല്‍ (45) മരിച്ചത്. മുക്കം അഗസ്ത്യന്‍മുഴി പാലത്തിന് സമീപം ശനിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബത്തിന്‍െറ ഏക അത്താണിയായിരുന്നു ഇസ്മാഈല്‍. കഴിഞ്ഞ മേയില്‍ മുക്കം ബൈപാസ് ജങ്ഷനില്‍ ടിപ്പര്‍ ലോറി സ്കൂട്ടറിലിടിച്ച് കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് സ്വദേശി പ്രണവ് എന്ന 12 വയസ്സുകാരന്‍ മരിച്ചിരുന്നു. സമാനമായ രീതിയില്‍തന്നെയാണ് പ്രണവിന്‍െറ തൊട്ടടുത്ത വീടുകളിലും ഏതാനും വര്‍ഷം മുമ്പ് ദുരന്തങ്ങളുണ്ടായിരുന്നത്. പ്രണവിന്‍െറ അയല്‍വീടായ കോഴിപ്പറമ്പില്‍ അലിയുടെ മകന്‍ നജീബ് (20) സംസ്ഥാന പാതയില്‍ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിനു മുന്‍വശത്തുണ്ടായ വാഹനാപകടത്തിലായിരുന്നു മരിച്ചത്. ഇവരുടെ അയല്‍വാസിയായ പരപ്പില്‍ പാറപ്പുറത്ത് അബ്ദുല്ലയുടെ മകന്‍ സാജിദിനെയുംം ദുരന്തം വേട്ടയാടിയത് ബൈക്ക് അപകടത്തിന്‍െറ രൂപത്തിലായിരുന്നു. സാജിദ് ഓടിച്ച ബൈക്കില്‍ ടിപ്പറിടിക്കുകയായിരുന്നു. തൊട്ടടുത്തുള്ള മൂന്നുവീടുകളിലുണ്ടായ അപകടം ഈ പ്രദേശത്തിന്‍െറതന്നെ നൊമ്പരമായി മാറുകയായിരുന്നു. 2010 സെപ്റ്റംബറിലാണ് കാരശ്ശേരി ബാങ്കിനു മുന്നില്‍തന്നെയുണ്ടായ അപകടത്തില്‍ മുക്കം സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ കാരങ്ങാടന്‍ ബീരാന്‍കുട്ടിയുടെ മകന്‍ അബ്ദുല്‍ വാരിസ് മരിച്ചത്. മുക്കത്തെ വ്യാപാരിയായ പന്നിക്കോട് പൊറ്റമ്മല്‍ പക്കറിന്‍െറ മകന്‍ നിഷാദ് ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് തൊട്ടടുത്ത വര്‍ഷമായിരുന്നു. പന്നിക്കോട് ഉണിക്കോരന്‍ കുന്നത്ത് ശ്രീനിവാസന്‍ എന്ന ഹോട്ടല്‍ ജീവനക്കാരനും രണ്ടുവര്‍ഷം മുമ്പ് സംസ്ഥാന പാതയില്‍ എരഞ്ഞിമാവിന് സമീപമുണ്ടായ അപകടത്തിലാണ് മരിച്ചത്. 2016 മാര്‍ച്ച് ഒന്നിന് മുക്കം പുതിയപുരയില്‍ മാളിനു സമീപം ജീപ്പും ലോറിയുമിടിച്ച് പന്നിക്കോട് മാട്ടുമുറി സ്വദേശി ബാബുവിന്‍െറ മകന്‍ അശ്വിന്‍ കുമാറും (20) മരിച്ചു. അടുത്തകാലത്തുണ്ടായ ഈ അപകടങ്ങള്‍ക്കെല്ലാം സമാനതകള്‍ ഏറെയായിരുന്നു. അപകടങ്ങള്‍ എല്ലാം നടന്നത് കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍. രണ്ടെണ്ണമൊഴികെ മറ്റെല്ലാം ബൈക്ക് അപകടങ്ങള്‍. ടിപ്പര്‍ ലോറികള്‍തന്നെയാണ് മിക്ക അപകടങ്ങളിലെയും വില്ലന്‍. എല്ലാവരും തല്‍ക്ഷണം മരിച്ചു. അപകടങ്ങള്‍ നടന്നതാകട്ടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലും. ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ കണ്ണീരുണങ്ങാതെ വിധിയെ പഴിക്കുകയാണ് ഗ്രാമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.