കോഴിക്കോട്: വയനാട് ജംഗിള്‍ പാര്‍ക്ക്, ഗ്രീന്‍ മാജിക് എന്നീ റിസോര്‍ട്ടുകളുടെ ഉടമ ചേവായൂര്‍ വൃന്ദാവന്‍ കോളനിയില്‍ അബ്ദുല്‍ കരീം (60) വധിക്കപ്പെട്ട കേസില്‍ മൂന്നു പ്രതികള്‍ കൂടി കുറ്റക്കാരെന്ന് കോടതി കണ്ടത്തെി. നേരത്തേ വിചാരണവേളയില്‍ ഒളിവില്‍ പോയ തൃശൂര്‍ മുപ്ളിയം ജോഷി ദാസ് (41), തൃശൂര്‍ നെല്ലായി പുത്തരിക്കാട്ടില്‍ സുഭാഷ് എന്ന കണ്ണന്‍ (40), തൃശൂര്‍ മതിലകം കമ്പളപ്പറമ്പില്‍ സചിന്‍ എന്ന സജി (42) എന്നിവര്‍ കുറ്റക്കാരാണെന്നാണ് മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാര്‍ കണ്ടത്തെിയത്. ഇവര്‍ക്കുള്ള ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും. കേസില്‍ മറ്റു പ്രതികളും ക്വട്ടേഷന്‍ സംഘാംഗങ്ങളെന്ന് ആരോപിക്കപ്പെട്ടവരുമായ റോണി തോമസ്, അനിലന്‍, സുധീര്‍ എന്നിവരെ വടകര അഡീ. ജില്ലാ ജഡ്ജി സി.കെ. സോമരാജന്‍ 2012 ഒക്ടോബര്‍ 25ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഗൂഢാലോചനയില്‍ പങ്കാളിയായെയെന്ന കുറ്റം ചുമത്തിയ മറ്റു പ്രതികളെ വിട്ടയക്കുകയും ചെയ്തു. കേസില്‍ ഒരു പ്രതി ഇപ്പോഴും ഒളിവിലാണ്. 2006 ഫെബ്രുവരി 11ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. റിസോര്‍ട്ട് നടത്തിപ്പുമായുണ്ടായ വിരോധത്തെ തുടര്‍ന്ന് ആറുപേരടങ്ങുന്ന ക്വട്ടേഷന്‍ സംഘം വാഹനത്തില്‍ പിന്തുടര്‍ന്ന് വയനാട് ചുരം ഒമ്പതാം വളവില്‍വെച്ച് കരീമിനെയും ഡ്രൈവര്‍ പൊക്കുന്ന് ചാലീക്കര ശിവനെയും (63) ആക്രമിച്ച് തുഷാരഗിരി റോഡില്‍ ചിപ്പിലിത്തോട് പാതയില്‍ തള്ളിയെന്നാണ് കേസ്. ശിവന്‍ മാരക പരിക്കോടെ രക്ഷപ്പെട്ടു. ഇയാളുടെ മൊഴി കേസില്‍ നിര്‍ണായകമായി. കേസില്‍ പ്രധാന പ്രതിയായ ബാബു വര്‍ഗീസിന് റിസോര്‍ട്ട് നടത്തിപ്പുമായി കരീമുമായുണ്ടായ അസ്വാരസ്യം കൊലക്ക് കാരണമായതായാണ് കേസ്. ബാബു വര്‍ഗീസ് വിചാരണക്കിടെ മരിച്ചു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ സി. സുഗതന്‍, അഡ്വ. ബി.വി. ദീപു എന്നിവര്‍ ഹാ ജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.