അയല്‍സംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കണം –നഗരസഭ

കോഴിക്കോട്: പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത തടയാനായി ജില്ലയിലെ മുഴുവന്‍ അയല്‍സംസ്ഥാന തൊഴിലാളികളെയും രജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിച്ച് ഹെല്‍ത്ത് കാര്‍ഡ് നല്‍കാന്‍ അടിയന്തരനടപടി വേണമെന്ന് നഗരസഭാ കൗണ്‍സില്‍യോഗം സംസ്ഥാന സര്‍ക്കാറിനോടും ആരോഗ്യവകുപ്പിനോടും ആവശ്യപ്പെട്ടു. അഡ്വ. സി.കെ. സീനത്ത് അവതരിപ്പിച്ച പ്രമേയം മേയര്‍ വി.കെ.സി. മമ്മദ്കോയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. അന്യസംസ്ഥാനം എന്ന പ്രമേയത്തിലെ പ്രയോഗം പ്രതിപക്ഷനേതാവ് അഡ്വ. പി.എം. സുരേഷ് ബാബുവിന്‍െറ ആവശ്യം പരിഗണിച്ച് അയല്‍സംസ്ഥാനം എന്ന് ഭേദഗതി ചെയ്തായിരുന്നു പ്രമേയം അംഗീകരിച്ചത്. ബംഗാളികളെന്ന പേരില്‍ ബംഗ്ളാദേശില്‍നിന്നുപോലും നഗരത്തില്‍ ആളുകളത്തെുന്നുണ്ടെന്നും വര്‍ഷം ലക്ഷം അയല്‍സംസ്ഥാനക്കാര്‍ എത്തുന്നതായാണ് കണക്കെന്നും അഡ്വ. സീനത്ത് പറഞ്ഞു. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണത്തിന് ആവശ്യമായ പണം ഉടന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടിവേണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ടി.സി. ബിജുരാജ് അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയമാക്കി മാറ്റുകയായിരുന്നു. 450 കോടി ചെലവുള്ള പദ്ധതിക്ക് 35 കോടി മാത്രമാണ് അനുവദിച്ചതെന്നും നൂറു കോടി മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും കാര്യമുണ്ടായില്ളെന്നും ബിജുരാജ് പറഞ്ഞു. കോര്‍പറേഷന്‍ ഉടമസ്ഥതയിലുള്ള മാനാഞ്ചിറ സത്രം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.ടി.ഡി.സി മലബാര്‍ മാന്‍ഷെന്‍ ഹോട്ടലിന് മാര്‍ച്ച് 31വരെ പ്രവര്‍ത്തന കാലാവധി നീട്ടിക്കൊടുക്കാനും അതിനുശേഷം കെട്ടിടം ഒഴിപ്പിച്ച് കോര്‍പറേഷന്‍ ഏറെറടുക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. 25 കൊല്ലത്തേക്ക് കെട്ടിടം ലീസിന് കൊടുത്തത് അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി. പൊതുമേഖലാ സ്ഥാപനമായ കെ.ടി.ഡി.സിക്കുതന്നെ ഹോട്ടല്‍ നടത്തിപ്പ് നല്‍കണമെന്ന് പൊറ്റങ്ങാടി കിഷന്‍ചന്ദും അഡ്വ. പി.എം. നിയാസും ആവശ്യപ്പെട്ടു. എന്നാല്‍, ജീര്‍ണാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റി നഗര മുഖച്ഛായക്ക്് മാറ്റുകൂട്ടുന്ന സംവിധാനമൊരുക്കാന്‍ മുന്‍ കൗണ്‍സില്‍ തീരുമാനിച്ച കാര്യം മേയര്‍ ചുണ്ടിക്കാട്ടി. കെട്ടിടം കൈമാറിക്കിട്ടിയശേഷം കൗണ്‍സില്‍ തീരുമാനമനുസരിച്ച് തുടര്‍ നടപടിയുണ്ടാവും. ക്രൂഡോയില്‍ വില കുറഞ്ഞിട്ടും ഗുണം ജനങ്ങള്‍ക്ക് കൊടുക്കാതെ തീരുവ കൂട്ടുന്ന കേന്ദ്രനയം മാറ്റണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അഡ്വ. വിദ്യാബാലകൃഷ്ണനാണ് പ്രമേയമവതരിപ്പിച്ചത്. കുടിവെള്ള ക്ഷാമത്തെപ്പററി എം.പി. രാധാകൃഷ്ണനും നടക്കാവ് ചോമത്ത് പറമ്പിനടുത്ത് കോര്‍പറേഷന്‍ ഭൂമി കൈയേറിയതിനെപ്പറ്റി പൊറ്റങ്ങാടി കിഷന്‍ ചന്ദും ദേശീയ സ്കൂള്‍ ഗെയിംസ് നടക്കുന്ന മെഡിക്കല്‍ കോളജ്-തൊണ്ടയാട് ഭാഗത്ത് തെരുവുവിളക്ക് കത്താത്തതിനെപ്പറ്റി കെ.സി. ശോഭിതയും നഗരത്തില്‍ കൂടിവരുന്ന കൊതുകുശല്യത്തെപ്പറ്റി എം.പി. സുധാമണിയും ശ്രദ്ധക്ഷണിച്ചു. പ്രധാനമന്ത്രി ആവാസ് യോജന ഭവനനിര്‍മാണ പദ്ധതിയില്‍ വീടുകളുടെ വിസ്തീര്‍ണം 30 മീറ്റര്‍ സ്ക്വയറില്‍നിന്ന് 60 എങ്കിലുമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എന്‍ജിനീയറിങ് വിഭാഗത്തില്‍ ജീവനക്കാരില്ലാത്ത കാര്യം എം.പി. സുരേഷും ബേപ്പൂര്‍ കോര്‍പറേഷന്‍ ഉപ കാര്യാലയത്തിലെ പ്രശ്നങ്ങള്‍ സതീഷ്കുമാറും ശ്രദ്ധയില്‍പെടുത്തി. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, കെ.വി. ബാബുരാജ്, നമ്പിടി നാരായണന്‍, കെ.എം. റഫീഖ്, പി.പി. ബീരാന്‍കോയ, കെ.ടി. ബീരാന്‍കോയ, വി.ടി. സത്യന്‍, ഉഷാദേവി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.