കോഴിക്കോട്: നിയമം പാലിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാതെ സിറ്റി പൊലീസിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന ഗതാഗത ബോധവത്കരണം പ്രഹസനമാകുന്നു. സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റിന്‍െറ പങ്കാളിത്തത്തോടെ ശനിയാഴ്ച ആരംഭിച്ച ബോധവത്കരണത്തില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ ബൈക്കിലിരുത്തിപ്പോയ പിതാവിനുനേരെ കമീഷണര്‍ ഉമാ ബെഹ്റ ബോധവത്കരണം നല്‍കി അതേസ്ഥിതിയില്‍ പോകാനനുവദിക്കുകയായിരുന്നു. നഗരത്തില്‍ സീബ്രാ ലൈനോ ട്രാഫിക് നിയമപ്രകാരമുള്ള സൂചനാ ബോര്‍ഡുകളോ ഇല്ലാത്തപ്പോഴാണ് ബോധവത്കരണമെന്ന് നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. പ്രധാന ജങ്ഷനുകളില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ പലതും പ്രവര്‍ത്തനരഹിതവുമാണ്. ദേശീയപാതയില്‍പോലും മോട്ടോര്‍ വാഹനനിയമം നിഷ്കര്‍ഷിച്ച സൂചനാനിര്‍ദേശങ്ങള്‍ ഒന്നുമില്ല. സ്കൂള്‍ കുട്ടികളടക്കം ആയിരക്കണക്കിന് വഴിയാത്രികര്‍ ഉപയോഗിക്കുന്ന റോഡില്‍ മിക്കയിടത്തും സീബ്രാ ലൈനോ, മറ്റ് അടയാളങ്ങളോ നിലവിലില്ല. റീടാറിങ് നടന്ന റോഡുകളില്‍ ഗതാഗതനിയമ സൂചകങ്ങള്‍ സ്ഥാപിക്കാനും സാധിച്ചിട്ടില്ല. നിര്‍മാണ പ്രവൃത്തി നടക്കാത്ത റോഡുകളിലാവട്ടെ ഇവയെല്ലാം മാഞ്ഞുപോയ അവസ്ഥയിലുമാണ്. ട്രാഫിക് ബോധവത്കരണത്തിന്‍െറ ഭാഗമായുള്ള റോഡ് ഷോ ആരംഭിക്കുന്ന രാമനാട്ടുകര ബൈപാസ് ജങ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട അതിര്‍ത്തിവരകള്‍പോലും ഇതുവരെ ഇട്ടിട്ടില്ല. ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടുപിടിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള 87 കാമറകളില്‍ മിക്കതും പ്രവര്‍ത്തനരഹിതമാണ്. അറ്റകുറ്റപ്പണികളുടെ കരാറില്‍ ഏര്‍പ്പെട്ടിരുന്ന സ്ഥാപനവുമായുള്ള കരാര്‍ കാലാവധി കഴിഞ്ഞതിനാലാണ് ഇവ അറ്റകുറ്റപ്പണി നടത്താനാവാതെ പോവുന്നതെന്നാണ് ഒൗദ്യോഗിക വിശദീകരണം. ഈ കാമറകള്‍ അറ്റകുറ്റപ്പണി നടത്തി പൂര്‍വസ്ഥിതിയിലാക്കണമെങ്കില്‍ രണ്ടരക്കോടി രൂപ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഗതാഗതനിയമം അനുസരിച്ച് റോഡില്‍ സ്ഥാപിക്കേണ്ട സൂചനാ നിര്‍ദേശങ്ങള്‍ ഒന്നും സ്ഥാപിക്കാതെയാണ് പൊലീസ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങുന്നത്. നാലുദിവസമാണ് വിവിധ പരിപാടികളോടെ ട്രാഫിക് ബോധവത്കരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.