ജില്ലയില്‍ 710 ഏക്കറില്‍ സി.പി.എമ്മിന്‍െറ കൂട്ടുകൃഷി

കോഴിക്കോട്: ഓണത്തിന് ജൈവപച്ചക്കറി ഉല്‍പാദിപ്പിച്ച് വിജയിച്ചതിന്‍െറ അനുഭവവുമായി വിഷുവിന് കൂട്ടുകൃഷിയൊരുക്കാന്‍ സി.പി.എമ്മിന്‍െറ പദ്ധതി. ജനകീയ ജൈവപച്ചക്കറി കൃഷിപദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 710.2 ഏക്കറില്‍ കൂട്ടുകൃഷി സംഘടിപ്പിക്കാനാണ് ആസൂത്രണം ചെയ്തത്. ശനിയാഴ്ച എന്‍.ജി.ഒ യൂനിയന്‍ഹാളില്‍ ചേര്‍ന്ന ജൈവപച്ചക്കറി കൃഷിസമിതി ജില്ലാ കണ്‍വെന്‍ഷന്‍ പദ്ധതിക്ക് അന്തിമ രൂപംനല്‍കി. വിവിധ കാര്‍ഷിക സംഘടനകള്‍, കാര്‍ഷിക ക്ളബുകള്‍, കൃഷിവകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂനിറ്റുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയിലെ 13 മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കുക. കുറ്റ്യാടി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥലത്ത് കൂട്ടുകൃഷി നടത്തുക-142 ഏക്കര്‍. നാദാപുരമാണ് തൊട്ടുപിന്നില്‍-136 ഏക്കര്‍. തിരുവമ്പാടി-98, വടകര-70, ബാലുശ്ശേരി-65, കുന്ദമംഗലം-50, കൊയിലാണ്ടി-47, കൊടുവള്ളി-30.5, എലത്തൂര്‍-30, പേരാമ്പ്ര-20, ബേപ്പൂര്‍-12.7, കോഴിക്കോട് സൗത്-നാല്, കോഴിക്കോട് സൗത്-നാലര ഏക്കര്‍ എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്. ഇവക്ക് പുറമേ വ്യക്തിഗത കൃഷിയും നടക്കും. മണ്ഡലത്തില്‍ ചുരുങ്ങിയത് 500 പേരെങ്കിലും പദ്ധതിയില്‍ പങ്കാളികളാകുമെന്ന് ജില്ലാ കണ്‍വെന്‍ഷന്‍ വിലയിരുത്തി. പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷന്‍ എന്നീ തദ്ദേശസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലാണ് കൃഷി നടത്തുക. ഓരോ തദ്ദേശസ്ഥാപനവും അവരുടെ പരിധിയില്‍ ഇതിനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. കര്‍ഷകസംഘവും കര്‍ഷകതൊഴിലാളി യൂനിയനും ഉള്‍പ്പെടെയുള്ള കര്‍ഷകസംഘടനകളുടെ മേല്‍നോട്ടത്തില്‍ വാര്‍ഡ് തലത്തിലും വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഓരോമേഖലക്കും കണ്‍വീനര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ മേല്‍നോട്ടത്തിലാണ് കൃഷിയുടെ മുന്നൊരുക്കങ്ങള്‍ നടക്കുന്നത്. കര്‍ഷകര്‍ക്ക് വിത്ത്, വളം എന്നിവ സൗജന്യമായി നല്‍കും. കര്‍ഷകരെ സഹായിക്കാന്‍ ഓരോ പഞ്ചായത്തിലും ബയോ ക്ളിനിക്കുകള്‍ ആരംഭിക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കൃഷിക്കാര്‍ക്ക് വിദഗ്ധ ഉപദേശവും സാങ്കേതിക സഹായവും നല്‍കുകയാണ് ലക്ഷ്യം. ജൈവവള നിര്‍മാണത്തിലും പരിശീലനം നല്‍കും. 23ന് പച്ചക്കറികൃഷിയുടെ നടീല്‍ ഉത്സവം നടക്കും. ഇത് ഒരാഴ്ചക്കാലം നീളും. വാര്‍ഡ് തലത്തില്‍ പച്ചക്കറി വിപണനത്തിനും സൗകര്യമൊരുക്കും. കഴിഞ്ഞ ഓണത്തിന് ജില്ലയില്‍ 17 ലക്ഷം രൂപയുടെ ജൈവപച്ചക്കറികളാണ് സി.പി.എം നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ടായ്മവഴി വിറ്റഴിച്ചത്. 47 സ്റ്റാളുകളാണ് തുറന്നത്. 180ഓളം ഏക്കറിലായിരുന്നു കൃഷി. ഇത്തവണ എല്ലാ വാര്‍ഡുകളിലും കൃഷി ആരംഭിക്കാനാണ് പദ്ധതി. കണ്‍വെന്‍ഷന്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജൈവപച്ചക്കറി കൃഷി ചെയര്‍മാന്‍ കെ.പി. കുഞ്ഞമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം ജില്ലാ പ്രസിഡന്‍റ് പി. വിശ്വന്‍, സെക്രട്ടറി ടി.പി. ബാലകൃഷ്ണന്‍ നായര്‍, കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്‍റ് ടി.കെ. കുഞ്ഞിരാമന്‍, റിട്ട. കൃഷി ഓഫിസര്‍ ബാലന്‍ എന്നിവര്‍ സംസാരിച്ചു. പി. രാജന്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.