കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി: പ്രതീക്ഷയോടെ കേര കര്‍ഷകര്‍

പേരാമ്പ്ര: ഒരു കിലോ വെളിച്ചെണ്ണക്ക് 110 രൂപയുള്ളപ്പോള്‍ ഒരു കിലോ പച്ച തേങ്ങക്ക് 17 രൂപയാണ് കര്‍ഷകനു ലഭിക്കുന്നത്. കിലോഗ്രാമിന് 650 രൂപ വിലയുള്ള വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ നിര്‍മിച്ചാല്‍ ഒരു കിലോ പച്ചതേങ്ങക്ക് ചുരുങ്ങിയത് 50 രൂപയെങ്കിലും ലഭിക്കും. പേരാമ്പ്ര കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി കര്‍ഷകരില്‍നിന്ന് നാളികേരം ശേഖരിച്ച് വെര്‍ജിന്‍ ഓയിലും നീരയും ഉല്‍പാദിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ചകിരി ജൈവ വളമാക്കുകയും തേങ്ങാവെള്ളം സംസ്കരിക്കുകയും ചെയ്യാനുള്ള പദ്ധതിയും കമ്പനി ആവിഷ്കരിക്കുന്നുണ്ട് . 2016 മാര്‍ച്ചില്‍ കമ്പനിയില്‍ ഉള്‍പ്പെട്ട 15 ഫെഡറേഷനുകളും ആധുനിക കൊപ്ര ഡയര്‍ സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങും. കമ്പനിയുടെ നീര പ്ളാന്‍റ് ചക്കിട്ടപാറയില്‍ നിര്‍മാണം തുടങ്ങി. കെട്ടിടത്തിന് 3.1 കോടി രൂപയും യന്ത്രങ്ങള്‍ക്ക് കോടി രൂപയും ചെലവുവരും. കമ്പനിക്ക് കീഴില്‍ ചക്കിട്ടപാറ, കൂത്താളി, ചങ്ങരോത്ത് പേരാമ്പ്ര, നൊച്ചാട്, ഉള്ള്യേരി, അത്തോളി, ചെങ്ങോട്ടുകാവ്, കൊയിലാണ്ടി, മൂടാടി, ഇരിങ്ങത്ത്, കീഴരിയൂര്‍, അരിക്കുളം, മേപ്പയ്യൂര്‍, നാളികേര ഫെഡറേഷനുകളാണുള്ളത്. ഇതില്‍ 218 കോക്കനട്ട് പ്രൊഡ്യൂസര്‍ സൊസൈറ്റികളിലായി 19000 കേരകര്‍ഷകരുണ്ട്. ഓഹരികള്‍ എടുത്താണ് കമ്പനി പ്രവര്‍ത്തന മൂലധനം ഉണ്ടാക്കുന്നത്. 2.25 കോടി രൂപ ഇതിനകം സ്വരൂപിച്ചു. അഞ്ച് കോടിയുടെ ഓഹരികള്‍ മാര്‍ച്ച് 31നുമുമ്പ് സ്വരൂപിക്കാനാണ് കമ്പനി തീരുമാനം .പേരാമ്പ്രയിലുള്ള കമ്പനി ഓഫിസ് ഉദ്ഘാടനവും ഏകദിന ശില്‍പശാലയും വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കെ. കുഞ്ഞമ്മദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ടി.കെ. ജോസ് മുഖ്യ പ്രഭാഷണം നടത്തും. നാളികേര വികസന ബോര്‍ഡ്, നബാര്‍ഡ്,ഐ.ഐ.എം എന്നിവയുടെ സഹകരണത്തോടെയാണ് ശില്‍പശാല .കമ്പനി ചെയര്‍മാന്‍ ഇ.എസ്. ജെയിംസ്, തണ്ടോറ ഉമ്മര്‍, മേയലാട്ട് ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.