നഗരത്തില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ നിര്‍ദേശം

കോഴിക്കോട്: നഗരത്തില്‍ കുടിവെള്ളവിതരണം കാര്യക്ഷമമാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജപ്പാന്‍ കുടിവെള്ളപദ്ധതി ഉദ്യോഗസ്ഥരുടെയും യോഗം മേയര്‍ വി.കെ.സി. മമ്മദ്കോയയുടെ ചേംബറില്‍ നടന്നു. നഗരത്തില്‍ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ നടത്തുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മേയര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായ പദ്ധതികളുടെ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബാക്കി പ്രവൃത്തികള്‍കൂടി ഉടന്‍ നിര്‍വഹിക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടു. എല്ലാ അങ്കണവാടികളിലും സ്കൂളുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. ജപ്പാന്‍ കുടിവെള്ളപദ്ധതിയില്‍ 192 കിലോമീറ്റര്‍ പൈപ്പ് സ്ഥാപിച്ചുകഴിഞ്ഞു. ഇനി 242 കിലോമീറ്റര്‍ സ്ഥാപിക്കാന്‍ ബാക്കിയുണ്ട്. നഗരസഭയിലെ ചെറുവണ്ണൂര്‍, ബേപ്പൂര്‍, എലത്തൂര്‍ പ്രദേശങ്ങളില്‍ ജപ്പാന്‍ പദ്ധതി വഴി കുടിവെള്ളം വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടു. എലത്തൂര്‍ മേഖലയിലേക്ക് കുടിവെള്ള വിതരണം നടത്തുന്നതിനായി തലക്കുളത്തൂര്‍ ടാങ്കില്‍നിന്ന് പൂളാടിക്കുന്ന് ടാങ്കിലേക്ക് വെള്ളം എത്തിച്ച് വിതരണം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കും. ചെറുവണ്ണൂര്‍, ബേപ്പൂര്‍ മേഖലകളില്‍ ജപ്പാന്‍ കുടിവെള്ളപദ്ധതി പ്രകാരം പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനും എരവത്തുകുന്ന്, തളി, കോവൂര്‍, മെഡിക്കല്‍ കോളജ്, ഈസ്റ്റ്ഹില്‍ തുടങ്ങിയ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചു. നഗരസഭയില്‍ കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങളില്‍ പൈപ്പ്ലൈന്‍ നീട്ടുന്നതിനും മറ്റും ആവശ്യമായ പ്രവൃത്തികള്‍ പദ്ധതി ഭേദഗതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുന്നതിനും ധാരണയായി. മേയര്‍ക്കു പുറമേ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ചെയര്‍മാന്മാരായ കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണന്‍, ടി.വി. ലളിതപ്രഭ, ആശാ ശശാങ്കന്‍, എം.സി. അനില്‍കുമാര്‍, അനിത രാജന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.