ഐ.എം.സി.എച്ചില്‍ കൂട്ടിരിപ്പുകാര്‍ക്ക് തലചായ്ക്കാന്‍ ഇടമൊരുങ്ങി

കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ (ഐ.എം.സി.എച്ച്) രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് തലചായ്ക്കാനിടമൊരുങ്ങി. എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്ന് 1.6 കോടി രൂപ ചെലവഴിച്ച് ഒരുങ്ങുന്ന മൂന്നുനില കെട്ടിടത്തിലാണ് കൂട്ടിരിപ്പുകാര്‍ക്കായി ഡോര്‍മിറ്ററി സൗകര്യം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. താഴെ നിലയില്‍ കഫ്റ്റീരിയയും മെഡിക്കല്‍ ഷോപ്പും സ്റ്റേഷനറി കടയുമാണ് പ്രവര്‍ത്തിക്കുക. മുകളിലെ രണ്ടു നിലകള്‍ ഡോര്‍മിറ്ററിയാണ്. രണ്ടു നിലകളിലുമായി 200 പേരെ ഉള്‍ക്കൊള്ളും. രണ്ടു ഡോര്‍മിറ്ററിയിലും എട്ടു ടോയ്ലറ്റുകളും പത്ത് വാഷ് ബേസിനുകളുമുണ്ട്. ഡോര്‍മിറ്ററിക്ക് പുറത്ത് വാര്‍ഡന് കഴിയാനുള്ള റൂമും ഇരുനിലകളിലും ഒരുക്കിയിട്ടുണ്ട്. ഡോര്‍മിറ്ററിക്ക് ബര്‍ത്തുകള്‍ ഉണ്ടാക്കുന്നത് ആശുപത്രിയാണ് ചെയ്യുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കാന്‍റീനിന് എട്ടു വാഷ് ബേസിനുകളും രണ്ടു ബാത്റൂമുകളുമുണ്ട്. ഭക്ഷണം തയാറാക്കിയത് വിതരണം ചെയ്യാനുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്. നടത്തിപ്പുകാരുടെ താല്‍പര്യമനുസരിച്ച് അടുക്കള ഒരുക്കാം. നിലവില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സ്ത്രീകളെയല്ലാതെ കൂട്ടുനില്‍ക്കാന്‍ അനുവദിക്കില്ല. സ്ത്രീകള്‍ക്ക് സഹായത്തിന് നില്‍ക്കുന്ന പുരുഷന്‍മാര്‍ ആശുപത്രിക്ക് പുറത്ത് പോര്‍ട്ടിക്കോയില്‍കൂടി നില്‍ക്കുകയാണ് ചെയ്യുക. കിടക്കാനും മറ്റും സൗകര്യമില്ലാത്തതിനാല്‍ നിലത്ത് കടലാസ് വിരിച്ച് കൊതുകുകടിയും കൊണ്ട് കിടക്കാറാണ് പതിവ്. ഡോര്‍മിറ്ററി തയാറാകുന്നതോടെ ഈ പ്രശ്നത്തിന് ആശ്വാസമാവും. ജീവനക്കാരും രോഗികളും ബന്ധുക്കളുമെല്ലാം ഒരുപോലെ ബുദ്ധിമുട്ടുന്നതിന് പരിഹാരമായാണ് കാന്‍റീനും ഒരുങ്ങുന്നത്. മെഡിക്കല്‍ ഷോപ്പും സ്റ്റേഷനറി കടയും തുടങ്ങുന്നതിനാല്‍ ആളുകള്‍ക്ക് മരുന്നിനും മറ്റു സാധനങ്ങള്‍ക്കും റോഡ് മുറിച്ചുകടക്കേണ്ടിയും വരുന്നില്ല. 7000ലേറെ ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സാണ് കരാര്‍ ഏറ്റെടുത്തത്. ഇനി അവസാന മിനുക്കുപണികളും മുറ്റത്തെ ടൈല്‍ വിരിക്കലുമാണ് ബാക്കിയുള്ളത്. കെട്ടിടത്തിന് ഏറ്റവും മുകളില്‍ നനഞ്ഞ തുണികള്‍ ഉണക്കാനുള്ള സൗകര്യത്തിനായി ഷീറ്റിടുന്നുണ്ട്. 2015 ജനുവരിയിലാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. കരാര്‍ പ്രകാരം പണി പൂര്‍ത്തിയാക്കി നല്‍കാന്‍ നാലുമാസം ബാക്കിയുണ്ട്. ഫെബ്രുവരിയാകുമ്പോഴേക്കും മിനുക്കു പണികളടക്കം എല്ലാം പൂര്‍ത്തിയാകുമെന്ന് സൂപ്പര്‍വൈസര്‍ അജിന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.