ഉമ ബെഹറ ചുമതലയേറ്റു

കോഴിക്കോട്: നഗരത്തിലെ കുറ്റകൃത്യങ്ങളും ക്രമസമാധാനവും ട്രാഫിക്കും ക്രമീകരിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് പുതിയ കമീഷണര്‍ ഉമ ബെഹറ. ശനിയാഴ്ച ചുമതലയേറ്റ അവര്‍ നഗരത്തില്‍ നിലവിലുള്ള പ്രമാദമായ കേസ് ഫയലുകള്‍ പരിശോധിച്ചു. ഷാനു വധശ്രമവും എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് 100 പവന്‍ ആഭരണം കവര്‍ന്ന സംഭവവുമാണ് പുതിയ കമീഷണര്‍ക്ക് മുന്നിലുള്ള പ്രധാന കേസ്. കോന്നിയിലെ പ്ളസ് ടു വിദ്യാര്‍ഥിനികള്‍ പാലക്കാട് ട്രെയിനിടിച്ച് മരിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം മേധാവിയായിരുന്നു. മലപ്പുറം എം.എസ്.പി കമാന്‍ഡന്‍റായിരുന്ന ഉമ രാവിലെ 11ഓടെയാണ് ചുമതലയേറ്റത്. കമീഷണറായിരുന്ന പി.എ. വത്സന് പുതിയ നിയമനം നല്‍കിയിട്ടില്ല. 2007 ബാച്ച് അസം, മേഘാലയ കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥയായ ഉമ രാജസ്ഥാന്‍ സ്വദേശിയാണ്. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ദേബേഷ് കുമാര്‍ ബെഹറയെ വിവാഹം ചെയ്ത് കേരള കേഡറിലേക്ക് മാറിയ ഉമ നേരത്തേ പൊലീസ് ആസ്ഥാനത്ത് എ.എ.ഐ.ജി ആയിരുന്നു. മലബാര്‍ സ്പെഷല്‍ പൊലീസിന്‍െറ 94 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി എം.എസ്.പിയില്‍ കമാന്‍ഡന്‍റ് പദവി അലങ്കരിച്ച വനിത എന്ന നിലയില്‍ ശ്രദ്ധേയമായ ശേഷമാണ് ഉമ സിറ്റി പൊലീസ് കമീഷണറാകുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്നബാധിത മേഖലകളിലെ അനുഭവ സമ്പത്തുണ്ട്. പാലക്കാട് ജില്ലാ പൊലീസ് മേധാവിയായിരുന്ന ഭര്‍ത്താവ് ദേബേഷ് കുമാറിനെ കഴിഞ്ഞ ആഴ്ചയാണ് മലപ്പുറത്തുനിന്ന് പാലക്കാട്ടേക്കു മാറ്റിയത്. മേഘാലയയിലെ ജയന്തിയ ഹില്‍സ് എ.എസ്.പിയായാണ് ഉമയുടെ തുടക്കം. പിന്നെ ഷിലോങ് എ.എസ്.പിയായിരിക്കെയാണ് സ്വന്തം ബാച്ചില്‍പെട്ട ദേബേഷുമായുള്ള വിവാഹം. എ.എസ്.പിയായി കേരളത്തില്‍ എത്തി. രണ്ടു ജില്ലകളില്‍ ക്രൈംബ്രാഞ്ച് എസ്.പിയായി. തണ്ടര്‍ ബോള്‍ട്ട്സ് കമാന്‍ഡോ സംഘത്തിന്‍െറ കമാന്‍ഡന്‍റായി. പിന്നാലെ തീരരക്ഷാ വിഭാഗം എ.ഐ.ജിയായി സ്ഥാനമേറ്റു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായും തൃശൂര്‍ റൂറല്‍ എസ്.പിയായും നിയമനമുണ്ടായി. എസ്.ടി.എഫ് വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്. ഹൈദരാബാദ് നാഷനല്‍ പൊലീസ് അക്കാദമിയിലെ 2007 ബാച്ച് ഓഫിസറായ ഉമ ഗുജറാത്ത് കേഡര്‍ ഐ.എ.എസുകാരനായിരുന്ന ബി.പി. മീണയുടെ മകളാണ്. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിനടുത്ത് ആള്‍വാറിലാണ് ജനിച്ചതെങ്കിലും ഗുജറാത്തിലായിരുന്നു പഠനം. മൂന്നു വയസ്സുകാരി യശ്വസിയാണ് മകള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.