മലബാറിലെ വിനോദസഞ്ചാര മേഖലക്ക് പ്രാധാന്യം നല്‍കും –മന്ത്രി

കോഴിക്കോട്: മലബാറിലെ വിനോദസഞ്ചാര മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് ടൂറിസംമന്തി എ.പി. അനില്‍കുമാര്‍. വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള വെസ്റ്റ്ഹില്ലിലെ സര്‍ക്കാര്‍ അതിഥിമന്ദിരം പുതിയ ബ്ളോക്കിന്‍െറയും ഗാരേജ് സെന്‍ററിന്‍െറയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ തെക്കന്‍കേരളമാണ് ടൂറിസത്തിന്‍െറ പ്രധാനകേന്ദ്രങ്ങള്‍. മലബാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നടപടിയെടുക്കും. വെസ്റ്റ്ഹില്ലില്‍ സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്‍െറ പുതിയ ബ്ളോക് പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ക്ക് സൗകര്യമാവും. ഗെസ്റ്റ് ഹൗസില്‍ 36 മുറികളുണ്ടാവും. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്ന യാത്രിനിവാസ് ഒഴിയുന്നതോടെ ഇവിടത്തെ സൗകര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തി സംസ്ഥാനത്തെ മികച്ച കേന്ദ്രമാക്കുമെന്നും മന്ത്രി പറഞ്ഞു. നാലു നിലകളില്‍ മൊത്തം 3077.85 ചതുരശ്രമീറ്റര്‍ വിസ്താരത്തിലാണ് പുതിയ ബ്ളോക് നിര്‍മിക്കുന്നത്. മുപ്പതോളം മുറികള്‍, ആറ് വി.ഐ.പി സ്യൂട്ടുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, അടുക്കള, ഭക്ഷണശാല, മാനേജ്മെന്‍റ് മുറികള്‍, സ്റ്റാഫ് റൂം തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിലുണ്ടാവുക. 4.25 കോടിയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. 12 മാസംകൊണ്ട് പൂര്‍ത്തിയാവും. ആറു വാഹനങ്ങള്‍ക്ക് നിര്‍ത്തിയിടാനും ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനുമുള്ള സൗകര്യത്തോടെയാണ് ഗാരേജ് സെന്‍റര്‍ നിര്‍മിക്കുന്നത്. 56 ലക്ഷം രൂപയാണ് ഇതിന്‍െറ നിര്‍മാണച്ചെലവ്. മന്ത്രി ഡോ. എം.കെ. മുനീര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി, അഡ്വ. പി.എം. നിയാസ്, പി.ഡബ്ള്യൂ.ഡി സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ്. ആരിഫ്ഖാന്‍ എന്നിവര്‍ സംസാരിച്ചു. ടൂറിസം ഡയറക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് സ്വാഗതവും പി.ജി. ശിവന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.